bihar-nda

 ജെ.ഡി.യുവിനെതിരെ എല്ലാ സീറ്റിലും സ്ഥാനാർത്ഥിയെ നിറുത്തും

 ബി.ജെ.പി സഖ്യം തുടരും

ന്യൂഡൽഹി: ബീഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഭരണമുന്നണിയായ എൻ.ഡി.എയിൽ പൊട്ടിത്തെറി. ജെ.ഡി.യു അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന് കീഴിൽ തിരഞ്ഞെടുപ്പ് നേരിടാനില്ലെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ എൽ.ജെ.പി പ്രഖ്യാപിച്ചു.

അതേസമയം ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്നും പാ‌ർട്ടിയുടെ എം.എൽ.എമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കരങ്ങൾക്ക് ശക്തിപകരാൻ പ്രവർത്തിക്കുമെന്നും എൽ.ജെ.പി പ്രമേയം പാസാക്കി. ജെ.ഡി.യു മത്സരിക്കുന്ന എല്ലാ സീറ്റുകളിലും പാർട്ടി സ്ഥാനാർത്ഥിയെ നിറുത്തും. തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തിലെപ്പോലെ ബി.ജെ.പി - എൽ.ജെ.പി സഖ്യം സംസ്ഥാനത്ത് അധികാരത്തിൽ വരുമെന്നും എൽ.ജെ.പി വ്യക്തമാക്കി.

അസുഖബാധിതനായ രാംവിലാസ് പാസ്വാന്റെ അഭാവത്തിൽ മകനും പാ‌ർട്ടി അദ്ധ്യക്ഷനുമായ ചിരാഗ് പാസ്വാൻ എം.പിയുടെ നേതൃത്വത്തിൽ ‌ഡൽഹിയിൽ ചേർന്ന പാർലമെന്ററി പാർട്ടി യോഗത്തിലാണ് നിലപാട് പ്രഖ്യാപിച്ചത്.

നിതീഷ് കുമാറാണ് എൻ.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെന്ന് നേരത്തെ ബി.ജെ.പി കേന്ദ്രനേതൃത്വം വ്യക്തമാക്കിയിരുന്നു.

കൊവിഡ്, കുടിയേറ്റ തൊഴിലാളികളുടെ പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിൽ ചിരാഗ് നിതീഷ് കുമാറിനെതിരെ നിലപാടെടുത്തിരുന്നു.

പാർട്ടിപ്രവർത്തകരെല്ലാം ചിരാഗ് പാസ്വാനൊപ്പമുണ്ട്. കേന്ദ്രത്തിലെ പോലെ ബി.ജെ.പി നേതൃത്വത്തിലുള്ള സഖ്യഭരണമാണ് ബിഹാറിലും ആഗ്രഹിക്കുന്നത്. മണിപ്പൂരിലെ പോലെ പാർട്ടി ഒറ്റയ്ക്ക് മത്സരിച്ച് പിന്നീട് ബി.ജെ.പിയെ പിന്തുണയ്ക്കുമെന്നും നേതാക്കൾ വ്യക്തമാക്കി.

6 മുതൽ 12 ശതമാനം വോട്ടുകൾ തങ്ങൾക്കുണ്ടെന്നാണ് എൽ.ജെ.പിയുടെ അവകാശവാദം. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ചിരാഗ് ആഭ്യന്തരമന്ത്രി അമിത് ഷായെയും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയെയും കണ്ടിരുന്നു. 143 സീറ്റ് വേണമെന്നതായിരുന്നു എൽ.ജെ.പിയുടെ നിലപാട്. 27 സീറ്റ് നൽകാമെന്ന് ബി.ജെ.പി പറഞ്ഞുവെന്നാണ് സൂചന. 2015ൽ 42 സീറ്റിൽ മത്സരിച്ച എൽ.ജെ.പിക്ക് 2 എം.എൽ.എമാരാണുള്ളത്.

ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ മഹാസഖ്യം തേജസ്വി യാദവിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരുന്നു. 144 സീറ്റിൽ ആർ.ജെ.ഡിയും കോൺഗ്രസ് 70 സീറ്റിലും മൂന്ന് ഇടത് പാർട്ടികൾ 29 സീറ്റുകളിലും മത്സരിക്കും.

 50-50 ഫോർമുലയുമായി ബി.ജെ.പിയും ജെ.ഡി.യുവും

സംസ്ഥാനത്തെ 243 സീറ്റിൽ ബി.ജെ.പിയും ജെ.ഡി.യുവും 119 വീതവും 5 ൽ മുൻ മുഖ്യമന്ത്രി ജിതൻ റാംമാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയും മത്സരിക്കാൻ ധാരണയായതായി റിപ്പോർട്ടുണ്ട്. ഔദ്യോഗിക സ്ഥിരീകരണമില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവർ പങ്കെടുത്തുള്ള ബി.ജെ.പി കേന്ദ്രതിരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ രാത്രി ചേർന്നു. രാവിലെ സംസ്ഥാന നേതാക്കളുമായി ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി നദ്ദയും ആഭ്യന്തരമന്ത്രി അമിത് ഷാ, സഹമന്ത്രി നിത്യാനന്ദ് റായ് എന്നിവരും കൂടിക്കാഴ്ച നടത്തി.