priyanka3

 അന്വേഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി: കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ഹാഥ്‌രസിലെ പെൺകുട്ടിയുടെ വിട്ടിലേക്ക് പോയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ തടഞ്ഞ്, അവരുടെ വസ്ത്രത്തിൽ കുത്തിപ്പിടിച്ച സംഭവത്തിൽ ക്ഷമ ചോദിച്ച് നോയിഡ പൊലീസ്. പരസ്യമായാണ് പൊലീസുകാരൻ ഖേദം പ്രകടിപ്പിച്ചത്.

സംഭവത്തിൽ ഡി.സി.പി അന്വേഷണത്തിന് ഉത്തരവിട്ടു. മുതിർന്ന ഉദ്യോഗസ്ഥയ്ക്കാണ് ചുമതല. സ്ത്രീകളുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന തരത്തിലുള്ള പ്രവൃത്തിയെ അനകൂലിക്കുന്നില്ലെന്ന് പൊലീസ് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.

ശനിയാഴ്ചയാണ് പ്രിയങ്കയുടെ നേർക്ക് പൊലീസിന്റെ കൈയേറ്റം ഉണ്ടായത്.

നോയിഡ ടോൾ ഗേറ്റിന് സമീപം തടിച്ചു കൂടിയ കോൺഗ്രസ് പ്രവർത്തകർക്കെതിരായ ലാത്തിച്ചാർജ്ജിൽ നിരവധിപ്പേർക്ക് പരിക്കേറ്റിരുന്നു. ഇത് കണ്ട് വാഹനത്തിൽ നിന്നിറങ്ങിയ പ്രിയങ്ക പ്രവർത്തകരെ രക്ഷിക്കാനായി പൊലീസിന് മുമ്പിൽ നിലയുറപ്പിച്ചു. ഈ സന്ദർഭത്തിൽ ഒരു പൊലീസുകാരൻ പ്രിയങ്ക ധരിച്ചിരുന്ന കുർത്തയിൽ പിടിച്ചു വലിക്കുകയും ലാത്തി കൊണ്ട് തള്ളുകയും ചെയ്തു. ഈ ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പൊലീസ് നടപടിക്കെതിരെ വലിയ പ്രതിഷേധമുയർന്നു.

പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസിനെ ഉപയോഗിച്ച് കൈയേറ്റം ചെയ്തതിനെ വിമർശിച്ച് ശിവസേന അടക്കം രംഗത്തെത്തിയിരുന്നു. യോഗിജിയുടെ രാജ്യത്ത് വനിതാ പൊലീസില്ലേയെന്നാണ് പ്രിയങ്കയെ കൈയേറ്റം ചെയ്യുന്ന ചിത്രം പങ്കുവച്ച് സഞ്ജയ് റാവത്ത് ചോദിച്ചത്.