covid-vaccine

ന്യൂഡൽഹി: 2021 ജൂലായോടെ ഇന്ത്യയിലെ 20 - 25 കോടി ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ കുത്തിവയ്‌പ് നടത്താമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർദ്ധൻ പറഞ്ഞു.

40 മുതൽ 50 കോടി വരെ ഡോസ് വാക്‌സിനാണ് സർക്കാർ വാങ്ങുന്നത്. അത് ഉപയോഗിച്ച് 20 മുതൽ 25 കോടി വരെ ജനങ്ങൾക്ക് വാക്സിനേഷൻ നടത്തും. ഇതിനായി സംസ്ഥാനങ്ങൾ മുൻഗണനാ വിഭാഗങ്ങളെ നിശ്ചയിച്ച് ഈ മാസം അവസാനത്തോടെ റിപ്പോർട്ട് നൽകണം. അതിനുള്ള സ്‌കീം കേന്ദ്രം തയ്യാറാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.ഒരാൾക്ക് രണ്ട് ഡോസ് വാക്സിൻ നൽകേണ്ടി വരുമെന്നാണ് മന്ത്രി പരോക്ഷമായി സൂചിപ്പിച്ചത്.

സമൂഹ മാദ്ധ്യമങ്ങൾ വഴിയുള്ള 'സൺഡെ സംവാദ്' ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വാക്സിനേഷനിൽ മുൻഗണന കൊവിഡ് ചുമതലയുള്ള ആരോഗ്യ പ്രവർത്തകർക്കായിരിക്കും. അവരിൽ സർക്കാർ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ഡോക്ടർമാരും നഴ്സുമാരും,​ പാരാമെഡിക്കൽ,​ ശുചീകരണ ജീവനക്കാരും ഉണ്ടാവും. കൂടാതെ ആശാ വർക്കർമാർ,​ നിരീക്ഷണ ഉദ്യോഗസ്ഥർ,​രോഗികളെ കണ്ടെത്താനും രോഗ പരിശോധന നടത്താനും ചികിൽസിക്കാനും ചുമതലയുള്ള മറ്റ് വിഭാഗങ്ങൾക്കും മുൻഗണന നൽകും. ബ്ലോക്ക് തലങ്ങളിൽ വരെ വാക്‌സിൻ എത്തിക്കാൻ താപനില ക്രമീകരിച്ച വിതരണ ശൃംഖലകൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാനങ്ങൾ ഒരുക്കണം. 50 കോടി ഡോസ് വാക്‌സിൻ 25 കോടി ജനങ്ങൾക്ക് എത്തിക്കാൻ അതി വിപുലമായ മനുഷ്യ ശേഷി വേണം. അവരുടെ പരിശീലനവും മേൽനോട്ടവും കുറ്റമറ്റതാവണമെന്നും ഹർഷ വർദ്ധൻ പറഞ്ഞു.

മൂന്ന് വാക്‌സിനുകളാണ് ഇന്ത്യയിൽ പരീക്ഷിക്കുന്നത്. റഷ്യയുടെ 'സ്‌പുട്‌നിക് 5'ന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം ഇന്ത്യയിൽ നടത്തുന്നതിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. വാക്‌സിൻ കരിഞ്ചന്തയിൽ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ ശക്തമായ നിരീക്ഷണം നടത്തും.

വാക്‌സിൻ ലഭ്യമാക്കാൻ നിതി ആയോഗ് അംഗം വി.കെ. പോളിന്റെ അദ്ധ്യക്ഷതയിൽ ഉന്നതതല സമിതി നടപടികൾ തുടങ്ങി.