ra

ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം ശക്തമായി തുടരുന്ന പഞ്ചാബിൽ നടന്ന വമ്പൻ ട്രാക്ടർ റാലിയിൽ, മോദി സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി.അംബാനിയുടെയും അദാനിയുടെയും പാവയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യ ഭരിക്കുന്നത് അംബാനിയും അദാനിയുമാണ്. ഈ ബന്ധം വളരെ ലളിതമാണ്. മോദി അവർക്ക് ഭൂമി നൽകും. മാദ്ധ്യമങ്ങളിലൂടെ അവർ തിരിച്ച് പിന്തുണയും നൽകും. കർഷകർക്ക് വേണ്ടിയാണ് പുതിയ നിയമങ്ങളെന്നാണ് പ്രധാനമന്ത്രി പറയുന്നത്. എങ്കിൽ ലോക്സഭയിലും രാജ്യസഭയിലും എന്തുകൊണ്ട് ചർച്ച നടത്തിയില്ല. ഈ നിയമങ്ങളിൽ സംതൃപ്തരാണെങ്കിൽ എന്തിനാണ് രാജ്യത്തുടനീളം കർഷകർ പ്രതിഷേധിക്കുന്നത്.കഴിഞ്ഞ ആറു വർഷമായി പ്രധാനമന്ത്രി നുണ പറയുകയാണ്. താങ്ങുവിലയില്ലാതെ കർഷകന് അതിജീവിക്കാനാകുമോ. കർഷകരുടെ നട്ടെല്ല് തകർക്കുകയാണ് മോദി സർക്കാർ. ഭക്ഷ്യധാന്യ ശേഖരണവും താങ്ങുവിലയും ഇല്ലാതാക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. കൊവിഡ് സാഹചര്യത്തിനിടെ കർഷക ബില്ലുകൾ പാസാക്കിയെടുക്കാൻ കേന്ദ്രത്തിന് എന്തിനായിരുന്നു ഈ ധൃതി. പാർലമെന്റിൽ വിശദമായ ചർച്ചയ്ക്ക് പോലും തയാറാകാതിരുന്നത് എന്തുകൊണ്ടാണ്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ മൂന്നു കാർഷിക നിയമങ്ങളും റദ്ദാക്കി ചവറ്റുകുട്ടയിൽ തള്ളുമെന്നും രാഹുൽ പറഞ്ഞു.മോഗ ജില്ലയിലെ ബധിനിയിൽ നടന്ന പരിപാടിയിൽ മുഖ്യമന്ത്രി അമരീന്ദർ സിംഗിനും മറ്റു നേതാക്കൾക്കുമൊപ്പം ട്രാക്ടറിൽ കയറി രാഹുലും റാലിയിൽ പങ്കെടുത്തു.