add

വൈറലായി വൈവാഹിക പരസ്യം

ന്യൂഡൽഹി: ഇന്നത്തെക്കാലത്ത് ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും അക്കൗണ്ടില്ലാത്തവർ വിരളമാണ്. കുറഞ്ഞ പക്ഷം ഒരു വാട്സ് ആപ്പ് അക്കൗണ്ടെങ്കിലുമില്ലാത്ത യുവതി യുവാക്കളെ മഷിയിട്ട് നോക്കിയാലേ കിട്ടൂ.

അങ്ങനെയൊരു കാലത്ത്, സമൂഹിക മാദ്ധ്യമങ്ങളിൽ മുഴുകാത്ത ഒരാളെ ജീവിതപങ്കാളിയായി ലഭിക്കണമെന്ന മോഹം അൽപം അതിരുകടന്നതാവും. അത്തരത്തിലൊരു മോഹവുമായെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാളിൽ നിന്നുള്ള 37 കാരനായ ഹൈക്കോടതി അഭിഭാഷൻ.

വൈവാഹിക പരസ്യത്തിലൂടെ മോഹം പരസ്യമായി തുറന്നുപറയുകയും ചെയ്തു. ' സാമൂഹിക മാദ്ധ്യമങ്ങൾക്ക് അടിമയാവാത്ത' ആളായിരിക്കണം പ്രതിശ്രുത വധുവെന്ന നിബന്ധന കൂടി ഉൾപ്പെടുത്തിയത്. രാജ്യത്തെ ഇംഗ്ലീഷ് ദിനപത്രങ്ങളിലൊന്നിൽ പ്രസിദ്ധീകരിച്ച ഈ വൈവാഹിക പരസ്യം വൈറലായിരിക്കുകയാണ്. ഐ.എ.എസ് ഓഫീസറായ നിതിൻ സംഗ്‌വാനാണ് പരസ്യത്തിലെ ഈ കൗതുകം ട്വിറ്ററിൽ ആദ്യം പോസ്റ്റ് ചെയ്തത്.

ചാറ്റർജിയാണ് വധുവിനെ തേടുന്നത്. ''37 വയസ്. 5 അടി ഏഴ് ഇഞ്ച് ഉയരം. വെളുത്തനിറം, സുന്ദരൻ,സുമുഖൻ ,ദുശീലങ്ങളില്ല യോഗ പ്രാക്ടീഷണർ. പശ്ചിമ ബംഗാളിൽ ഹൈക്കോടതിയിൽ അഭിഭാഷകൻ, ഗവേഷണ വിദ്യാർത്ഥി. കാറും വീടുമുള്ള അഭിഭാഷക കുടുംബത്തിലെ അംഗം. കമർപുകൂറിൽ വില്ലേജ് ഹൗസുണ്ട്. '' എന്നിങ്ങനെ പോകുന്നു പരസ്യം. ജീവിത പങ്കാളിയെക്കുറിച്ച് പ്രത്യേക ഡിമാൻഡുകളൊന്നുമില്ലെന്ന് പറയുമ്പോഴും പ്രതിശ്രുത വധു ഉയരമുള്ള, മെലിഞ്ഞ, വെളുത്ത നിറത്തിലുള്ള സുന്ദരി ആയിരിക്കണമെന്നും നിഷ്‌കർഷിക്കുന്നുണ്ട്. ഏറ്റവുമൊടുവിലാണ് വധു സാമൂഹിക മാദ്ധ്യമ അടിമ ആയിരിക്കരുതെന്ന് നിർബന്ധമുണ്ടെന്ന, ആളുകളെ 'രസിപ്പിച്ച' ആ ഡിമാൻഡ്.

സംഗ്വാന്റെ ട്വിറ്റർ പോസ്റ്റ് വൈറലാവാൻ അധികം സമയം വേണ്ടിവന്നില്ല. മറ്റു സാമൂഹിക മാദ്ധ്യമങ്ങളിലും പരസ്യം പ്രചരിച്ചു. ഇതിനോടുള്ള ആളുകളുടെ കമന്റുകളായിരുന്നു ഏറെ രസകരം. ഇക്കാലത്ത് സാമൂഹിക മാദ്ധ്യമങ്ങളിൽ മുഴുകാത്ത പെൺകുട്ടിയെ വധുവായിക്കിട്ടണമെന്നാണ് നിബന്ധനയെങ്കിൽ താങ്കൾ എന്നും അവിവാഹിതനായി തുടരേണ്ടിവരും എന്നതായിരുന്നു കൂടുതൽ പേരിൽനിന്നുള്ള കമന്റ്.