
ന്യൂഡൽഹി: ക്രിമിനൽ കേസുകളിൽ പ്രതികളായ എം.പിമാരെയും എം.എൽ.എമാരെയും അറസ്റ്റ് ചെയ്ത് വിചാരണയ്ക്ക് ഹാജരാക്കാൻ കേരള പൊലീസ് വൈമുഖ്യം കാട്ടുന്നതായി കേരള ഹൈക്കോടതിയുടെ റിപ്പോർട്ടിൽ പറയുന്നതായി അമിക്കസ് ക്യൂറി വിജയ് ഹാൻസാരിയ സുപ്രീം കോടതിയെ ബോധിപ്പിച്ചു. ജനപ്രതിനിധികൾക്കെതിരായ ക്രിമിനൽക്കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ നൽകിയ 27 പേജുള്ള റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്.
സമൻസും വാറണ്ടും അയയ്ക്കാൻ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുന്ന സംവിധാനമുണ്ടായാൽ പരിഹാരമാവുമെന്നാണ് അമിക്കസ്‌ക്യൂറിയുടെ നിർദേശം. വിചാരണയ്ക്ക് ഹാജരാകാത്ത ജനപ്രതിനിധികൾക്കെതിരെ കോടതിയലക്ഷ്യ നടപടിയും മറ്റ് അച്ചടക്കനടപടിയും സ്വീകരിക്കണം. വാറണ്ടും സമൻസും പ്രകാരമുള്ള നടപടി പൊലീസ് സ്വീകരിക്കുന്നില്ലെങ്കിൽ എസ്.പിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും അമിക്കസ്‌ക്യൂറി നിർദേശിച്ചിട്ടുണ്ട്.
സി.ബി.ഐയുടെയും എൻഫോഴ്‌സ്‌മെന്റിന്റെയും കീഴിലുള്ള കേസുകളുടെ വിവരങ്ങൾ കേന്ദ്രം കൈമാറിയിട്ടില്ല. 10 കേസുകൾ സുപ്രീം കോടതിയിലുണ്ട്. അതിന്റെ വിചാരണയും പുരോഗമിച്ചിട്ടില്ലെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചു. ജസ്റ്റിസ് ആർ.വി രമണയുടെ അദ്ധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കേരളത്തിലെ കീഴ്ക്കോടതികളിൽ:
324 കേസുകളിൽ എം.പിമാരും, എം.എൽ.എമാരും പ്രതികൾ
310 കേസുകൾ മജിസ്‌ട്രേറ്റ് കോടതികളിൽ
8 കേസുകൾ സെഷൻസ് കോടതികളിൽ
6 കേസുകൾ വിജിലൻസ് കോടതികളിൽ
ഹൈക്കോടതിയിൽ
12 കേസുകൾ. പ്രത്യേക ബെഞ്ച് രൂപീകരിച്ചിട്ടുണ്ട്. പുരോഗതി നിരീക്ഷിക്കാൻ സംവിധാനമുണ്ട്. സാക്ഷി വിസ്താരം നടത്തുന്നതിന് പ്രത്യേക സൗകര്യമൊരുക്കാൻ പണം കിട്ടിയാൽ നടപടി വേഗത്തിലാക്കാം.
ഹൈക്കോടതികളുടെ നിർദേശങ്ങൾ
ഇത്തരം കേസുകൾ വേഗത്തിൽ തീർപ്പാക്കാനുള്ള നിർദ്ദേശങ്ങൾ ഹൈക്കോടതികളോട് സുപ്രീം കോടതി ആരാഞ്ഞിരുന്നു. ലഭിച്ച ചില നിർദേശങ്ങൾ:
# ജില്ലകൾ തോറും പ്രത്യേക കോടതി
# വിചാരണക്കോടതി മുൻഗണന നൽകിയാൽ മതി
# വീഡിയോ കോൺഫറൻസിന് പ്രത്യേക മുറികൾ വേണം.
# കേസ് വിവരങ്ങൾ ലഭ്യമാക്കാൻ പ്രത്യേക വെബ്‌സൈറ്റ്