തിരുവനന്തപുരം: ജെ.ഇ.ഇ അഡ്വാൻസ്ഡ് പരീക്ഷയിൽ സംസ്ഥാനതലത്തിൽ കാസർകോട് ബെണ്ടിച്ചാൽ മൊവ്വൽ കോമ്പൗണ്ടിൽ ഇബ്രാഹിം സുഹൈൽ ഹാരിസ് ഒന്നാമത്. അഖിലേന്ത്യതലത്തിൽ റാങ്ക് 210. സംസ്ഥാന എൻജിനിയറിംഗ് പ്രവേശന പരീക്ഷയിൽ ആറാം റാങ്കുണ്ടായിരുന്നു.
പുനെ സ്വദേശി ചിരാഗ് ഫലോറിനാണ് അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക്. 396ൽ 352 മാർക്ക്. ബാൽശക്തി പുരസ്കാര ജേതാവായ ചിരാഗ് അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ പ്രവേശനം നേടിയ വിദ്യാർത്ഥിയാണ്.
കൊല്ലം പേരൂർ സുബരിയ്യ മൻസിലിൽ അലൻബാബു സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി (റാങ്ക് - 237). സംസ്ഥാന പ്രവേശന പരീക്ഷയിൽ 270 റാങ്കായിരുന്നു.
കൊല്ലം തൃക്കോവിൽവട്ടം വെട്ടിലത്താഴം മേലേമഠത്തിൽ ആദിത്യ ബൈജുവിനാണ് മൂന്നാം സ്ഥാനം. (റാങ്ക്-592). സംസ്ഥാന പരീക്ഷയിൽ നാലാം റാങ്കുണ്ടായിരുന്നു.
സംസ്ഥാന എൻജിനീയറിംഗ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കോട്ടയം തെള്ളകം അബാദ് റോയൽ ഗാർഡൻസിൽ കെ.എസ് വരുണിന് 754ാം റാങ്കുണ്ട്. സംസ്ഥാന പരീക്ഷയിൽ അഞ്ചാം റാങ്ക് നേടിയ കോഴിക്കോട് ചേവായൂർ ഗോൾഫ് ലിങ്ക് റോഡിൽ 'ആർദ്രം' വീട്ടിൽ അദ്വൈത് ദീപക്ക് 749ാം റാങ്കും നേടി.
റൂർക്കി സോണിൽ പരീക്ഷ എഴുതി 315 മാർക്ക് നേടിയ കനിഷ്‌ക മിത്തലാണ് പെൺകുട്ടികളിൽ ഒന്നാമത്.
ഇബ്രാഹിം സുഹൈലിന് ഇഷ്ടംമുംബെ ഐ ഐ ടി
സുഹൈൽ ഹാരിസിന് മുംബെ ഐ ഐ ടി യിൽ ചേരാനാണ് ആഗ്രഹം. ചെന്നൈ ഐ ഐ ടിയും മനസിലുണ്ട് .
കംപ്യുട്ടർ സയൻസ് അല്ലെങ്കിൽ ഇലക്ട്രിക്കൽ എടുത്തു പഠിക്കാനും ആഗ്രഹിക്കുന്നു. ബെണ്ടിച്ചാൽ മൗവ്വൽ കോമ്പൗണ്ടിൽ ബിസിനസുകാരനായ എം .എം .ഹാരിസിന്റെയും സമീറ ഹാരിസിന്റെയും രണ്ടാമത്തെ മകനായ ഇബ്രാഹിം സുഹൈൽ ഹാരിസ് കാസർകോട് കോളിയടുക്കത്തെ അപ്സര പബ്ലിക് സ്കൂളിൽ നിന്ന് ഫുൾ എ പ്ലസ് വാങ്ങി പത്താംതരം പാസായ ശേഷം കോട്ടയം സെന്റ് ആന്റണീസ് സ്കൂളിൽ നിന്നാണ് 98 ശതമാനം മാർക്കോടെ പ്ലസ്ടു ജയിച്ചത്. ഒരു വർഷത്തെ ശ്രമഫലമായി ബ്രില്യന്റ് ബാച്ചിൽ പഠിച്ച ശേഷം നാട്ടിൽ എത്തിയാണ് എൻട്രൻസ് എഴുതി അഭിമാന നേട്ടം സ്വന്തമാക്കിയത് . ജ്യേഷ്ഠൻ അബ്ദുള്ള ഷുഹൈബ് ഹാരിസ് മുംബെയിൽ സി. എ ഇന്റേൺഷിപ്പ് ചെയ്യുകയാണ്. എട്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷാവേസ്, മൂന്നാം ക്ലാസ് വിദ്യാർത്ഥി ഫാത്തിമ സെൽമ എന്നിവർ സഹോദരങ്ങൾ.