bjpp

ജെ.ഡി.യുവിന് വോട്ടുചെയ്യരുതെന്ന് എൽ.ജെ.പി

ന്യൂഡൽഹി: ബീഹാറിൽ എൻ.ഡി.എ ഘടകക്ഷിയായ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ എൽ.ജെ.പി ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ രാഷ്ട്രീയ തന്ത്രം മാറ്റാനൊരുങ്ങി ബി.ജെ.പി. നിലവിൽ മത്സരിപ്പിക്കാൻ ധാരണയായ സ്ഥാനാർത്ഥികളെ മാറ്റുന്നതടക്കമുള്ള കാര്യങ്ങളാണ് ആലോചിക്കുന്നത്. ബീഹാറിലെ പ്രമുഖ ദളിത് വിഭാഗമായ പാസ്വാൻ വിഭാഗത്തിൽ സ്വാധീനമുള്ള പാർട്ടിയാണ് എൽ.ജെ.പി.

തിരഞ്ഞെടുപ്പ് ചുമതലയുള്ള നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ്, ഉപമുഖ്യമന്ത്രി സുശീൽകുമാർ മോദി തുടങ്ങിയ നേതാക്കൾ ഡൽഹിയിൽ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തി.
ഞായാറാഴ്ച രാത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കൾ പങ്കെടുത്ത കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗവും സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി ചർച്ചചെയ്തു. ദിവസങ്ങൾക്കുള്ളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും. ജെ.ഡി.യുവും രാഷ്ട്രീയ സാഹചര്യം വിലയിരുത്തുകയാണ്.

അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെ.ഡി.യുവിന് വോട്ടു ചെയ്യരുതെന്ന് എൽ.ജെ.പി അദ്ധ്യക്ഷൻ ചിരാഗ് പാസ്വാൻ വോട്ടർമാരോട് അഭ്യർത്ഥിച്ചു. ഇത് ബീഹാറിന്റെ ചരിത്രത്തിലെ നിർണായക സമയമാണെന്നും എൽ.ജെ.പി എം.എൽ.എമാർ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിന് കീഴിൽ പ്രവർത്തിക്കുമെന്നും തുറന്ന കത്തിൽ ചിരാഗ് വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഞായറാഴ്ചയാണ് ജെ.ഡി.യു അദ്ധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ്‌കുമാറിന് കീഴിൽ തിരഞ്ഞെടുപ്പ് നേരിടാനില്ലെന്നും ബി.ജെ.പിയുമായുള്ള സഖ്യം തുടരുമെന്നും എൽ.ജെ.പി പ്രഖ്യാപിച്ചത്.
അതേസമയം ചിരാഗിന്റെ നീക്കം ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണെന്ന അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. എൻ.ഡി.എയുടെ മുഖ്യമന്ത്രി മുഖമായ നിതീഷ് കുമാറിനെതിരായ ചിരാഗിന്റെ നീക്കത്തെ വിമർശിച്ച് ബി.ജെ.പി നേതാക്കളൊന്നും ഇതുവരെ രംഗത്തുവന്നിട്ടില്ല. എന്നാൽ എൽ.ജെ.പിയെ ദേശീയതലത്തിൽ എൻ.ഡി.എയിൽ നിന്ന് പുറത്താക്കണമെന്ന നിലപാട് ജെ.ഡി.യു എടുത്തേക്കും.