
ആം ആദ്മി നേതാക്കൾക്ക് നേരെ കറുത്ത മഷി ഒഴിച്ച് പ്രതിഷേധം
ഇടത് നേതാക്കളും ഹാഥ്‌രസിലേക്ക്
ന്യൂഡൽഹി: ഹാഥ്‌രസ് കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് സമർപ്പിച്ച പൊതുതാൽപര്യ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. പൊതു പ്രവർത്തകനായ സത്യമാ ദുബെ, സുഷമ മൗര്യ, റിട്ട. ജഡ്ജ് ചന്ദ്ര ബാ സിംഗ്,അഭിഭാഷകരായ വിശാൽ താക്കറെ, രൂപേന്ദ്ര പ്രതാപ് യാദവ് തുടങ്ങിയവർ സമർപ്പിച്ച ഹർജികളാണ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ഗുരുതര വീഴ്ച ആരോപിക്കപ്പെടുന്ന പൊലീസ് ഉദ്യോഗസ്ഥരെയും മെഡിക്കൽ ഓഫീസർമാരെയും സർവീസിൽ നിന്ന് പിരിച്ചുവിടാൻ നിർദ്ദേശിക്കണം, കേസന്വേഷണത്തിനിടെ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾക്ക് ദുരിതം അനുഭവിക്കാൻ ഇടയാകാത്തവിധമുള്ള മാർഗനിർദ്ദേശങ്ങൾ സുപ്രീം കോടതി പുറപ്പെടുവിക്കണമെന്നും ഹർജിക്കാർ ആരോപിക്കുന്നു. കേസിൽ സുപ്രീംകോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്ന് ശിരോമണി അകാലി ദൾ അദ്ധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദലും നേരത്തെ ആവശ്യമുന്നയിച്ചിരുന്നു. കേസ് ഡൽഹിയിലേക്ക് മാറ്റണമെന്നും പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ആം ആദ്മി നേതാക്കൾക്ക് മേൽ കരിമഷിയൊഴിച്ചു
പെൺകുട്ടിയുടെ വീട് സന്ദർശിച്ച് മടങ്ങവേ ആം ആംദ്മി എം.പി സഞ്ജയ് സിംഗിനും മറ്റു നേതാക്കൾക്കും മേൽ രാഷ്ട്രീയ സ്വാഭിമാന ദൾ പ്രവർത്തകൻ ദീപക് മിശ്ര കരിമഷി ഒഴിച്ചു. പൊലീസ് ബലംപ്രയോഗിച്ചാണ് ഇയാളെ പിടിച്ചുമാറ്റിയത്. സഞ്ജയ് സിംഗിനൊപ്പം ഡൽഹി ക്യാബിനറ്റ് മന്ത്രി രാജേന്ദ്ര പാൽ ഗൗതം, എം.എൽ.എ രാഖി ബിഡ്‌ലാൻ, രോഹിത് മൽഹൗരിയ, പവാൻ ശർമ്മ, ഹർപാൽ സിംഗ് ചീമ തുടങ്ങിയവരുമുണ്ടായിരുന്നു. സഞ്ജയ് സിംഗ് മാദ്ധ്യമങ്ങളോട് സംസാരിച്ചുകൊണ്ടിരിക്കെ ആൾക്കുട്ടത്തിൽ നിന്ന് ഒരാൾ അദ്ദേഹത്തിനും രാഖി ബിഡ്‌ലാനും നേർക്ക് കറുത്ത മഷി ഒഴിക്കുകയായിരുന്നു. പിന്നീടാണ് അക്രമിയെ തിരിച്ചറിഞ്ഞത്. നേരത്തെ ആം ആദ്മി നേതാക്കൾ പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാവിധ പിന്തുണയും ഉറപ്പ് നൽകിയിരുന്നു. മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ ആദിത്യനാഥ് സർക്കാർ വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാൻ ശ്രമിക്കുകയാണെന്ന് ആം ആദ്മി നേതാക്കൾ പ്രതികരിച്ചിരുന്നു.
ഇടത് നേതാക്കൾ ഇന്ന് ഹാഥ്‌രസിൽ
സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറൽ സെക്രട്ടറി ഡി.രാജ, പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സി.പി.ഐ. ദേശീയ സെക്രട്ടറി അമർജീത് കൗർ, സി.പി.എം സംസ്ഥാനകമ്മിറ്റി സെക്രട്ടറി ഹിരലാൽ യാദവ്, സി.പി.ഐ സംസ്ഥാന സെക്രട്ടറി ഗിരീഷ് ശർമ എന്നിവരടങ്ങുന്ന സംഘം പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നതിനായി ഇന്ന് ഹാഥ്‌രസിലെത്തും.