
സാക്ഷികളെ സംരക്ഷിക്കണം
ന്യൂഡൽഹി: ഹാഥ്‌രസിൽ പത്തൊൻപതുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെട്ട സംഭവം അതിഭീകരവും ഞെട്ടിപ്പിക്കുന്നതാണെന്നും സുപ്രീം കോടതി. അതിനാലാണ് കേസ് അടിയന്തരമായി പരിഗണിച്ചതെന്ന് അറിയിച്ച ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാ നിയമസഹായവും നൽകുമെന്ന് ഉറപ്പു നൽകി.
'കേസിൽ സുഗമമായ അന്വേഷണം ഉറപ്പാക്കണം. പെൺകുട്ടിയുടെ കുടുംബത്തിനും കേസിലെ സാക്ഷികൾക്കും സുരക്ഷ ഉറപ്പാക്കണം."- കോടതി പറഞ്ഞു.
സാക്ഷികൾക്ക് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലത്തിലൂടെ കൈമാറാൻ ചീഫ് ജസ്റ്റിസ് നിർദേശിച്ചു. ഇരയുടെ കുടുംബത്തിന് പ്രത്യേക അഭിഭാഷകന്റെ സഹായം ആവശ്യമാണോ എന്നും അറിയിക്കണം. അഭിഭാഷകന്റെ പേര് കുടുംബം നിർദേശിച്ചാൽ പരിഗണിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു.
കേസിൽ കോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണമോ, എസ്.ഐ.ടി അന്വേഷണമോ വേണമെന്ന് ആവശ്യപ്പെട്ട് നൂറോളം അഭിഭാഷകരാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേസ് അലഹബാദ് ഹൈക്കോടതിയിൽ നിന്നും മാറ്റണമെന്ന വനിതാ സംഘടനയുടെ ആവശ്യം ചീഫ് ജസ്റ്റിസ് തള്ളി. ഹൈക്കോടതിയുടെ നടപടി നിരീക്ഷിക്കുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി എന്തെങ്കിലും തെറ്റ് വരുത്തുകയാണെങ്കിൽ വിചാരണ മാറ്റാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. ഹർജികൾ അടുത്ത ആഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി.
രാത്രി സംസ്‌കാരം സാമുദായിക
സംഘർഷമൊഴിവാക്കാനെന്ന്
ഹാഥ്‌രസിൽ അക്രമത്തിനിരയായി മരിച്ച പെൺകുട്ടിയുടെ മൃതദേഹം രാത്രിയിൽ സംസ്‌കരിച്ചത് സാമുദായിക സംഘർഷം ഒഴിവാക്കി ക്രമസമാധാനം നിലനിറുത്താനാണെന്ന് യു.പി സർക്കാർ സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കളെ അറിയിച്ച ശേഷമാണ് രാത്രി സംസ്‌കാരം നടത്തിയത്. പിറ്റേ ദിവസം ബാബ്റി മസ്ജിദ് കേസിൽ വിധി പ്രഖ്യാപിക്കുന്നതിനാൽ ജില്ല അതീവ ജാഗ്രതയിലായിരുന്നു. ഇതിന് പിന്നാല പെൺകുട്ടി കൊല്ലപ്പെട്ട സംഭവം ജാതി, സമുദായ സംഘർഷത്തിന് ഇടയാക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ടുണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കൾക്കൊപ്പം ഇരയുടെയും പ്രതികളുടെയും സമുദായങ്ങൾ പ്രക്ഷോഭവുമായി ഗ്രാമത്തിൽ ഒത്തുകൂടാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ടായിരുന്നു.
പെൺകുട്ടി പീഡനത്തിന് ഇരയായിട്ടില്ല. നിക്ഷിപ്ത താത്പര്യക്കാർ തെറ്റായ പ്രചാരണം നടത്തുകയാണെന്നും സർക്കാർ ആരോപിച്ചു. കേസിൽ സി.ബി.ഐ അന്വേഷണം കോടതി മേൽനോട്ടത്തിലാകണമെന്നും സർക്കാർ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. കേസന്വേഷണത്തിന് നിയോഗിച്ച എസ്.ഐ.ടി സംഘം ഇന്ന് സർക്കാരിന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.