andhra-cm-jagan-mohan-red

ന്യൂഡൽഹി: എൻ.ഡി.എ മുന്നണിയിലേക്കെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ വൈ.എസ്.ആർ കോൺഗ്രസ് നേതാവും ആന്ധ്ര മുഖ്യമന്ത്രിയുമായ ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സെപ്തംബർ 23ന് ആഭ്യന്തരമന്ത്രി അമിത് ഷായുമായി ജഗൻ കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാനത്തിന് സാമ്പത്തിക സഹായം, പോളാവരം ജലസേചന പദ്ധതിയുടെ ബാക്കി തുക അനുവദിക്കൽ, കടപ്പ സ്റ്റീൽ പ്ലാന്റ് അനുമതി തുടങ്ങിയ സംസ്ഥാന വിഷയങ്ങളാണ് ചർച്ച ചെയ്തതെന്നാണ് വൈ.എസ്.ആർ പാർട്ടി വൃത്തങ്ങൾ പറയുന്നതെങ്കിലും മോദിയുമായുള്ള കൂടിക്കാഴ്ചയിൽ മുന്നണി പ്രവേശവും ചർച്ചയായതായി റിപ്പോർട്ടുണ്ട്.
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി 2018ൽ എൻ.ഡി.എ വിട്ടതു മുതൽ വൈ.എസ്.ആറിനെ ഒപ്പം നിറുത്താൻ ബി.ജെ.പി ശ്രമിക്കുന്നുണ്ട്. മുന്നണിയിലേക്ക് വരണമെന്ന ആവശ്യം നേതാക്കൾ മുന്നോട്ടുവച്ചിരുന്നു.

ബി.ജെ.പി സഖ്യം പാർട്ടിയോടടുത്തുനിൽക്കുന്ന മുസ്‌ലിം വിഭാഗത്തിൽ അതൃപ്തിയുണ്ടാക്കുമോയെന്ന ആശങ്കയിൽ ജഗന്റെ പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളും ഇതിനെ എതിർക്കുകയാണ്. നിലവിൽ മോദി സർക്കാരുമായി സൗഹൃദ നിലപാടാണ് വൈ.എസ്.ആറിനുള്ളത്. പ്രധാന വിഷയങ്ങളിലെല്ലാം പാർലമെന്റിൽ മോദി സർക്കാരിനെ വൈ.എസ്.ആർ പിന്തുണയ്ക്കുന്നുണ്ട്.

ബി.ജെ.പിയുടെ ദീർഘകാല സഖ്യകക്ഷികളായ ശിവസേനയും ശിരോമണി അകാലിദളും മുന്നണി വിട്ടതോടെയാണ് പുതിയ കക്ഷികൾക്കായി എൻ.ഡി.എ വാതിൽ തുറന്നിടുന്നത്. ലോക്സഭയിൽ 22ഉം രാജ്യസഭയിൽ ആറും അംഗങ്ങളുള്ള വൈ.എസ്.ആർ മുന്നണിയിലേക്ക് വരുന്നത് നേട്ടമാകുമെന്നാണ് ബി.ജെ.പി വിലയിരുത്തൽ.