ന്യൂഡൽഹി : ഹാഥ്‌രസ് കേസിൽ സംസ്ഥാന സർക്കാറിനെതിരെ അസത്യങ്ങൾ പ്രചരിപ്പിക്കാൻ കൂട്ട മാനഭംഗക്കൊലക്ക് ഇരയായ പെൺകുട്ടിയുടെ കുടുംബത്തിന് 'അജ്ഞാതർ' 50 ലക്ഷം രൂപ വാഗ്ദാനം ചെയ്തെന്ന് യു.പി പൊലീസ്. ഹാഥ്‌രസ് സംഭവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹകുറ്റം ചുമത്തി യു.പി പൊലീസ് രജിസ്റ്റർ ചെയ്ത 19 എഫ്.ഐ.ആറുകളിൽ ഒന്നിലാണ് ഈ പരാമർശം. സർക്കാരിനെതിരെ അജ്ഞാത സംഘം ഗൂഢാലോചന നടത്തിയെന്നും അസത്യങ്ങൾ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറയാൻ ഇരയുടെ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തുവെന്നുമാണ് എഫ്.ഐ.ആറിൽ പറയുന്നത്.
ഉത്തർപ്രദേശിൽ ജാതി സംഘർഷം ഇളക്കിവിടാനുള്ള ശ്രമം ചിലർ നടത്തിയെന്നും എഫ്.ഐ.ആറിലുണ്ട്. പെൺകുട്ടിയുടെ മാതാപിതാക്കൾ യു.പി സർക്കാരിൽ തൃപ്തനല്ലെന്ന് പറയുന്ന ഒരു ഭാഗം വേണമെന്ന് അജ്ഞാതനായ ഒരു മാദ്ധ്യമപ്രവർത്തകൻ ഇരയുടെ സഹോദരനോട് ആവശ്യപ്പെട്ടുവെന്നും പറയുന്നു.