co

ന്യൂഡൽഹി: ദസ്‌റ-ദീപാവലി ആഘോഷങ്ങളടക്കം രാജ്യത്ത് വരാനിരിക്കുന്ന ഉത്സവകാല സീസണ് മുന്നോടിയായി കേന്ദ്രസർക്കാർ കൊവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി. ആഘോഷങ്ങളിൽ പാലിക്കേണ്ട മുൻകരുതലുകളും നിയന്ത്രണങ്ങളുമാണ് മാർഗനിർദ്ദേശങ്ങളിലുള്ളത്. ഒരേസമയം കൂടുതൽ ആളുകളെത്തുന്നത് ഒഴിവാക്കാൻ പരിപാടികൾ വ്യത്യസ്ത സമയങ്ങളിൽ നടത്തണം. സാമൂഹിക അകലം പാലിച്ച് ജനങ്ങൾക്ക് നിൽക്കുന്നതിന് പ്രത്യേകം മാർക്ക് ചെയ്യണം. ആറടിയെങ്കിലും അകലം ആളുകൾ തമ്മിൽ പാലിക്കണം. സാനിറ്റൈസറും ശരീരോഷ്മാവ് പരിശോധിക്കുന്ന ഉപകരണങ്ങളും ലഭ്യമാക്കണം.

മതപരമായ സ്ഥലങ്ങളിൽ വിഗ്രഹങ്ങളിലും വിശുദ്ധ ഗ്രന്ഥങ്ങളിലും സ്പർശിക്കുന്നതിനുള്ള വിലക്ക് തുടരും. ഭക്തിഗാനമേളകൾ നടത്താൻ അനുവാദമില്ല. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് അന്നദാനം നൽകാം. ഭക്ഷണം പാകം ചെയ്യുന്നവർക്ക് രോഗബാധയില്ലെന്ന് ഉറപ്പാക്കണം. പൊതുസ്ഥലങ്ങൾ ഇടയ്ക്കിടക്ക് അണുവിമുക്തമാക്കണം. 25നാണ് ദസ്‌റ ആഘോഷം. നവംബർ 14നാണ് ദീപാവലി.