
കേസിൽ പതിനഞ്ചുകാരൻ പിടിയിൽ
ന്യൂഡൽഹി: മനഃസാക്ഷിയെ ഞെട്ടിച്ച് ഉത്തർപ്രദേശിൽ വീണ്ടും പീഡനകൊലപാതകം.
ഹാഥ്‌രസ് സ്വദേശിയായ ആറ് വയസുകാരിയാണ് ബന്ധുവിന്റെ പീഡനത്തിനിരയായി ഡൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ 15കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം അമ്മ മരിച്ച പെൺകുട്ടിയെ അമ്മയുടെ സഹോദരിയാണ് വളർത്തിയിരുന്നത്.
അലിഗഢിലെ ജതോയി ഗ്രാമത്തിലാണിവർ താമസിച്ചിരുന്നത്. രണ്ടാഴ്ച മുമ്പ് ഇവരുടെ മകൻ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. അവശനിലയിലായ പെൺകുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിന് പകരം വളർത്തമ്മ കുളിമുറിയിൽ പൂട്ടിയിട്ടു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട കുട്ടികളാണ് വിവരം അയൽക്കാരെ അറിയിച്ചത്. തുടർന്ന് ഹാഥ്‌രസിൽ നിന്ന് പിതാവെത്തി പൊലീസിൽ അറിയിച്ചു. തുടർന്ന് ചൈൽഡ് ഹെൽപ്പ്‌ലൈന്റെ സഹായത്തോടെ പെൺകുട്ടിയെ കഴിഞ്ഞ 17ന് ജെ.എൻ.എം.സി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെ തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കുട്ടി മരിച്ചതിന് പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിയെന്ന് ആരോപിച്ച് ബന്ധുക്കൾ ഗ്രാമത്തിന് പുറത്തെ സദാബാദ് ബൽദേവ് റോഡ് ഉപരോധിച്ചു. കുട്ടിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തിയാണ് ഇവരെ അനുനയിപ്പിച്ചത്. പ്രതിയെ അറസ്റ്റ് ചെയ്ത ഉന്നത ഉദ്യോഗസ്ഥർ എസ്.എച്ച്.ഒയെ സസ്‌പെൻഡ് ചെയ്യുകയും ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ മൃതദേഹം ഹാഥ്‌രസിലെത്തിച്ച് സംസ്‌കരിച്ചു.