
ന്യൂഡൽഹി: പുതിയ കർഷക നിയമങ്ങൾക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന കർഷക രക്ഷാ റാലിക്കിടെ ഹരിയാന അതിർത്തിയിൽ അരങ്ങേറിയത് നാടകീയ സംഭവങ്ങൾ.
നിരവധി പ്രവർത്തകരുടെ അകമ്പടിയോടെ ട്രാക്ടർ റാലിയുമായി പഞ്ചാബിൽ നിന്ന് ഹരിയാനയിലേക്ക് പ്രവേശിക്കാനൊരുങ്ങിയ രാഹുൽഗാന്ധിയെ അതിർത്തിയിൽ ഹരിയാന പൊലീസ് തടഞ്ഞു.
ഒന്നല്ല, അഞ്ചല്ല, അയ്യായിരം മണിക്കൂർ വരെ അനുമതിക്കായി കാത്തിരിക്കാൻ തയാറാണെന്ന് രാഹുൽ പ്രഖ്യാപിച്ചു. തുടർന്ന് കുറച്ചുനേരത്തിന് ശേഷം രാഹുലിനെയും നേതാക്കളെയും മാത്രം ഹരിയാനയിലേക്ക് കടത്തിവിട്ടു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർസിംഗ്ഹൂഡ, സംസ്ഥാന അദ്ധ്യക്ഷ കുമാരി ഷെൽജ അടക്കമുള്ള നേതാക്കൾ രാഹുലിനെ അനുഗമിച്ചു. ശേഷം കുരുക്ഷേത്രജില്ലയിലെ പ്രതിഷേധ പരിപാടികളിൽ രാഹുൽ പങ്കെടുത്തു.
രാഹുലിന്റെ റാലിക്ക് അനുമതി നൽകില്ലെന്ന് നേരത്തെ തന്നെ ഹരിയാനയിലെ ബി.ജെ.പി സർക്കാർ നിലപാടെടുത്തിരുന്നു. കഴിഞ്ഞദിവസമാണ് പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് രാഹുലിന്റെ കർഷക രക്ഷാ റാലി തുടങ്ങിയത്.
 ഹരിയാനയിൽ ലാത്തിച്ചാർജ്
പുതിയ കർഷക നിയമങ്ങളിൽ പ്രതിഷേധിച്ച് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗടാല, മന്ത്രി രഞ്ജിത് സിംഗ് എന്നിവരുടെ സിർസയിലെ വീട്ടിലേക്ക് നടത്തിയ കർഷക പ്രകടനത്തിനുനേരെ പൊലീസ് ലാത്തി ചാർജ്ജ് നടത്തി. നിവേദനം സമർപ്പിക്കാനുള്ള സമാധാനപരമായ പ്രകടനത്തിനുനേരെയാണ് പൊലീസ് അതിക്രമമുണ്ടായതെന്ന് കർഷക നേതാക്കൾ പറഞ്ഞു.
കനത്തസന്നാഹവുമായി നഗരത്തിലേക്കുള്ള എല്ലാ വഴികളിലും ബാരിക്കേഡ് ഉയർത്തിയാണ് പൊലീസ് പ്രതിഷേധത്തെ നേരിട്ടത്.
അഖിലേന്ത്യ കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മറ്റിയുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ നൂറുകണക്കിന് കർഷകർ സിർസയിൽ ഉപരോധ സമരം നടത്തി.
പഞ്ചാബിലെ അമൃത്‌സറിൽ തുടരുന്ന റെയിൽ ഉപരോധം 12–ാം ദിവസം പിന്നിട്ടു. നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു.
 താങ്ങുവില അവകാശ ദിനം 14ന്
വിളകൾക്ക് താങ്ങുവില ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 14ന് അഖിലേന്ത്യ കിസാൻ സംഘർഷ് കോ-ഓർഡിനേഷൻ കമ്മറ്റി താങ്ങുവില അവകാശദിനം ആചരിക്കും. ഡൽഹിയിൽ 26നും 27നും കർഷകർ ഉപരോധ സമരം നടത്തും. കർഷകദ്രോഹ നിയമങ്ങളെ പിന്തുണയ്ക്കുന്ന ജനപ്രതിനിധികളെ ബഹിഷ്‌കരിക്കുമെന്നും കമ്മറ്റി അറിയിച്ചു.