
ന്യൂഡൽഹി :ഇ.എസ്.ഐ മെഡിക്കൽ കോളേജുകളിൽ തൊഴിലാളികളുടെ മക്കൾക്കുള്ള സംവരണം പുനഃസ്ഥാപിക്കുന്നതിന് ഇ.എസ്.ഐ കോർപറേഷൻ അനുകൂല നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് കുമാർ ഗാംഗ്വാർ, ഇ.എസ്.ഐ. ഡയറക്ടർ ജനറൽ അനുരാധാ പ്രസാദ് എന്നിവർ എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് ഉറപ്പു നൽകി. ഇരുവരുമായി എം.പി നടത്തിയ ടെലിഫോൺ ചർച്ചയിലാണ് ഉറപ്പ് നൽകിയത്.
ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്ന വിദ്യാർത്ഥികൾ സമർപ്പിച്ചിട്ടുളള റിട്ട് ഹർജിയിലും മദ്രാസ് ഹൈക്കോടതിയിൽ ഒക്ടോബർ 12ന് വിചാരണയ്ക്ക് വരുന്ന റിട്ട് അപ്പീൽ ഹർജിയിലും തൊഴിലാളികളുടെ മക്കൾക്ക് സംവരണം ലഭ്യമാകാൻ ഉതകുന്ന നിയമനടപടികൾ സ്വീകരിക്കും. കേരള ഹൈക്കോടതിയിലോ മദ്രാസ് ഹൈക്കോടതിയിലോ വിധി എതിരായാൽ സുപ്രീം കോടതിയിൽ സ്‌പെഷ്യൽ ലീവ് ഹർജി നൽകാൻ നടപടി സ്വീകരിക്കുമെന്നും ഇ.എസ്.ഐ ഡയറക്ടർ ജനറൽ ഉറപ്പു നൽകി.