illustration-opinion

രാജ്യമെങ്ങും പ്രതിഷേധത്തിര അലയടിച്ച 2012ലെ നിർഭയ സംഭവത്തിന് ശേഷം അത്തരമൊരു ദുര്യോഗം മറ്റൊരു പെൺകുട്ടിക്കും വരരുതെന്നായിരുന്നു ഏവരും ആഗ്രഹിച്ചത്. ഓടുന്ന ബസിൽ ക്രൂരപീഡനത്തിനും മർദ്ദനത്തിനും ശേഷം ജീവച്ഛവമായി നിർഭയ കിടന്ന ഡൽഹി സഫ്‌ദർജംഗ് ആശുപത്രിക്ക് എട്ടുവർഷത്തിന് ശേഷം സമാനമായ അവസ്ഥയിൽ മറ്റൊരു പെൺകുട്ടിയുടെ വേദനയ്‌ക്കും സാക്ഷിയാകേണ്ടി വന്നു. തന്നെ ആക്രമിച്ചവരെ വെറുതെ വിടരുതെന്ന് മരണമൊഴി നൽകാൻ നിർഭയയ്‌ക്ക് കഴിഞ്ഞെങ്കിൽ അക്രമികൾ നാവു പോലും കടിച്ചെടുത്ത നിലയിൽ ഹാഥ്‌രസിലെ 19കാരിയുടെ നില അതിലും ദയനീയമായിരുന്നു.

നിർഭയ ആക്രമിക്കപ്പെട്ടത് അധികാര കേന്ദ്രങ്ങളുടെ മൂക്കിനു കീഴെ ആയിരുന്നെങ്കിൽ ഇപ്പോഴത്തെ ക്രൂരത അരങ്ങേറിയത് ഡൽഹിക്ക് 200 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ. അവളുടെ ഹൃദയം അവസാനം മിടിച്ചത് ഡൽഹിയിലായതും ചില തിരഞ്ഞെടുപ്പുകളുടെ സാന്നിദ്ധ്യവുമാകാം വിഷയത്തിന് രാഷ്‌ട്രീയമാനങ്ങളും ബഹളങ്ങളുമുണ്ടായി.

ഓരോ രണ്ടുമണിക്കൂറിലും ഉത്തർപ്രദേശിൽ ഒരു പെൺകുട്ടി വീതം പീഡിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. പല സംഭവങ്ങളും പുറംലോകം അറിയുന്നില്ല. അല്ലെങ്കിൽ അറിയിക്കുന്നില്ല. അതിർത്തി കടന്ന് ഡൽഹി ആശുപത്രികളിലെത്തുമ്പോഴാകും മാദ്ധ്യമങ്ങൾ അറിയുന്നത്. രാഷ്‌ട്രീയ കോളിളക്കങ്ങളുണ്ടാകുന്നത്.

നിർഭയ കേസിന് ശേഷം ഭരണകൂടം ഉണരുകയും ശക്തമായ നിയമനിർമ്മാണങ്ങളുണ്ടാകുകയും ചെയ്‌തതാണ്. ആ നിയമങ്ങൾ രാജ്യത്ത് വനിതകളുടെ സുരക്ഷ അരക്കിട്ടുറപ്പിക്കുമെന്നും കരുതി. പക്ഷേ നിയമം പിറവിയെടുത്ത ഡൽഹിയിൽ പോലും ഇപ്പോഴും കുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെ പീഡനങ്ങൾക്ക് ഇരയാകുന്നു. ഇങ്ങനെ പീഡനത്തിന് ഇരയാകുന്നവരിൽ കൂടുതലും ദളിതരുമാണെന്നത് ഒരു വസ്‌തുതയാണ്. അതായത് പ്രതികൾക്ക് പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന സുരക്ഷിതമല്ലാത്ത വീടുകളിലും പരിസരങ്ങളിലും ജീവിക്കുന്ന, ചോദിക്കാനും പറയാനും ആളില്ലാത്ത, ആക്രമിക്കപ്പെട്ടലും നിശബ്‌ദമാക്കാൻ എളുപ്പമുള്ള, സമൂഹത്തിന്റെ പുറംപോക്കിലുള്ളവരാണ് ഇരകളിലധികവും. അക്രമികളാവട്ടെ സമൂഹത്തിൽ തങ്ങളാണ് അധികാരികളെന്ന് സ്വയം വിശ്വസിക്കുന്ന ചില വിഭാഗങ്ങളിൽ നിന്നുള്ളവരും.

ഇന്ത്യൻ സാമൂഹിക നിർവചനങ്ങളെ പാകപ്പെടുത്തുന്ന ജാതി വ്യവസ്ഥയും ദളിത് വിഭാഗങ്ങളിലെ സ്‌ത്രീകൾക്കു നേരെയുള്ള പീഡനങ്ങൾക്കും തമ്മിൽ വലിയ ബന്ധമുണ്ട്. തൊഴിലിനനുസരിച്ച് ജാതിയും ജാതി നോക്കി തൊഴിലും നിശ്‌ചയിക്കുന്ന വ്യവസ്ഥ ഇപ്പോഴും നിലനിൽക്കുന്ന ഉത്തരേന്ത്യയിലാണ് ദളിത് പീഡനങ്ങളിലേറെയും നടക്കുന്നതും. ആധിപത്യമുറപ്പിക്കാനും ശിക്ഷിക്കാനും മുന്നറിയിപ്പ് നൽകാനും ദളിത് വിഭാഗങ്ങളിലെ സ്‌ത്രീകളെ അവർ ഇരകളാക്കുന്നു.

ഡൽഹിയിൽ വന്നകാലം മുതൽ കാണുന്ന, അദ്‌ഭുതപ്പെടുത്തിയ ഒരു പ്രതിഭാസമാണ് പ്രത്യേക രീതിയിലെ ജാതി ആഘോഷങ്ങൾ. കാറുകളുടെ പിൻഗ്ളാസിലും ഇരുചക്രവാഹനങ്ങളുടെ നമ്പർ പ്ളേറ്റിലും ഹെഡ്‌ലൈറ്റിനു മുകളിലും മറ്റും സ്വന്തം ജാതിപ്പേരെഴുതിയ സ്‌റ്റിക്കർ ഒട്ടിച്ച് അഭിമാനത്തോടെ നീങ്ങുന്നവരെ ഉത്തരേന്ത്യയിലെങ്ങും കാണാം. നമ്മുടെ നാട്ടിൽ ഡോക്‌ടർ, വക്കീൽ, പൊലീസ് എന്നൊക്കെ എഴുതുന്നതു പോലെ. തങ്ങൾ ഉന്നതകുല ജാതരാണെന്നും ചില അവകാശങ്ങൾക്ക് അർഹരാണെന്നും പരോക്ഷമായി സൂചിപ്പിക്കാനുള്ള ഇത്തരം പൊടിക്കൈകൾ പല രീതികളിലും അവർക്ക് പ്രയോജനപ്പെടാറുമുണ്ട്. റോഡിൽ പരിശോധന നടത്തുന്ന പൊലീസ് അവരുടെ വാഹനങ്ങളെ തടയാറില്ല. ചെക്ക് പോസ്‌റ്റുകൾ അവർക്ക് മുന്നിൽ താനെ തുറക്കും. ഓഫീസുകളിൽ അവർ സുഗമമായി കടന്നു ചെല്ലും. മേലധികാരികൾ പോലും താണുവണങ്ങും. കാൽനടക്കാർക്കായി നിർമ്മിച്ച ഫുട‌്പാത്തുകളിൽ ഇത്തരം വാഹനങ്ങൾ അധികൃതമായി കയറ്റിയിട്ടാൽ ആരും ചോദ്യം ചെയ്യില്ല.

ഹരിയാനയിലെ ഒരു നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോർട്ടിംഗിനിടെയുണ്ടായ ഒരു സംഭവം ഓർക്കുന്നു. ജാട്ട് സമുദായത്തിന് സ്വാധീനമുള്ള ഒരുഗ്രാമത്തിൽ സ്ഥാനാർത്ഥിയുടെ ട്രാക്‌ടർ റോഡ് ഷോയാണ് രംഗം. പ്രചാരണത്തിന്റെ പൾസ് അറിയാൻ അവർക്കൊപ്പം ട്രാക്‌റ്ററിൽ കയറി. സംഭാഷണത്തിനിടെ ജാതിസമവാക്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ തങ്ങൾ ജാട്ടുകൾ പ്രദേശത്തെ ജന്മകളാണെന്ന് ഒരു മടിയുമില്ലാതെ പറഞ്ഞു. പ്രദേശത്തെ മറ്റ് വിഭാഗങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ പേരു പറയാതെ ഒരു പൊതുതലക്കെട്ടിൽ വിവരിച്ചു: എല്ലാം 'നീച(താണ) ജാതി'കളാണെന്ന്.

സ്വന്തം സമുദായക്കാരനായ സ്ഥാനാർത്ഥിക്ക് നൽകാനുള്ള പണം നിറച്ച പണസഞ്ചികൾ ട്രാക്‌ടറിൽ വച്ചിട്ടുണ്ടായിരുന്നു. റോഡ് ഷോയുടെ അവസാനം പണക്കിഴി നൽകി സ്ഥാനാർത്ഥിയെ അനുഗ്രഹിക്കുന്ന ചടങ്ങും കണ്ടു. പണം വാങ്ങി ജയിക്കുന്ന സ്ഥാനാർത്ഥി തങ്ങൾ ചെയ്യാനിടയുള്ള വലിയ ക്രൂരതകൾ കണ്ടില്ലെന്നു നടിക്കുകയും കേസുകളിൽ നിന്ന് രക്ഷിക്കുകയും ചെയ്യുമെന്ന് അവർ വിശദീകരിച്ചു. പാടങ്ങളിൽ പണിയെടുക്കുന്ന 'നീച' ജാതിക്കാർ തങ്ങൾ പറയുന്ന സ്ഥാനാർത്ഥികൾക്കല്ലാതെ വോട്ടു ചെയ്യില്ലെന്നും മറിച്ചായാൽ പണികൊടുക്കുമെന്നും തുറന്നടിച്ചു.

ഇത് ഉത്തരേന്ത്യയിലെ ഒരു പൊതു ചിത്രമാണ്. ഇങ്ങനെ ലഭിക്കുന്ന ആത്മവിശ്വാസത്തിലാകും പ്രതികൾ ഹാഥ്‌രസിൽ അമ്മയുടെ പിന്നാലെ നടന്ന ഒരു പെൺകുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചതും. മൂന്നു രൂപ കൂട്ടിച്ചോദിച്ചതിനാണ് 2014 മെയിൽ ഉത്തർപ്രദേശിലെ ബദൗൻ ജില്ലയിലെ കത്രയിൽ രണ്ട് ദളിത് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിന് ശേഷം മരത്തിൽ കെട്ടിതൂക്കിയത്. 2017,2019 വർഷങ്ങളിൽ യു.പിയിലെ ഉന്നാവോയിൽ നടന്ന രണ്ട് പീഡന കേസുകളിലും കാണാം ഈ ധാർഷ്ട്യം. ബി.ജെ.പി നേതാവ് പ്രതിയായ ആദ്യ കേസിൽ കോടതിയിലേക്ക് പോകും വഴി യുവതിയെ റോഡപകടത്തിൽ വകവരുത്താൻ ശ്രമിച്ചു. 2019 ഡിസംബറിൽ പീഡന വിവരം പൊലീസിൽ അറിയിച്ച യുവതിയെ മൊഴി നൽകാൻ കോടതിയിൽ പോകും വഴി പ്രതിയും പിതാവും സുഹൃത്തുക്കളും ചേർന്ന് തീകൊളുത്തി. സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട പെൺകുട്ടി പിന്നീട് മരണത്തിന് കീഴടങ്ങി.

ഭൂമി സ്വന്തമാക്കാനോ, ഇഷ്‌ടമുള്ള തൊഴിൽ ചെയ്യാനോ, വിദ്യാഭ്യാസത്തിനോ അവസരമില്ലാത്തവരാണ് ഉത്തരേന്ത്യയിലെ ദളിത് വിഭാഗങ്ങൾ. ഭരണഘടന നൽകുന്ന സമത്വം അടക്കമുള്ള മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന അവർ പാരമ്പര്യമായി ചെയ്യുന്ന തൊഴിലുകൾ അടുത്ത തലമുറയ്‌ക്ക് കൈമാറും. അങ്ങനെ സമൂഹത്തിന്റെ ഇരുട്ടു മൂലയിൽ ആരുമറിയാതെ തളച്ചിടപ്പെടും.

ഇത്തരം അനീതികൾക്ക് അറുതി വരുത്തുമെന്ന പ്രതീക്ഷയിലാണ് ദളിത് വിഭാഗങ്ങൾ അവരുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യമിട്ട് ഉദയം ചെയ്‌ത ബി.എസ്.പി പോലുള്ള പാർട്ടികൾക്ക് പിന്നിൽ അണി നിരന്നതും. കാൻഷിറാമിന് ശേഷം മായാവതി ദേശീയ തലത്തിൽ ഉയർന്നു വന്നത് ദളിത് വിഷയങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു. ബീഹാറിൽ രാംവിലാസ് പാസ്വാനും ജിതിൻ കുമാർ മാഞ്ചിയുമൊക്കെ ദളിത് വോട്ടു ബാങ്കുകളുടെ പിന്തുണയിൽ വളർന്നവരാണ്. എന്നാൽ അധികാരമൊക്കെ വന്നപ്പോൾ അവർ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് അകന്നുവെന്നത് ചരിത്രം.

കേരളത്തിൽ രാഷ്‌ട്രീയ പാർട്ടികളിലൂടെയല്ല, ശ്രീനാരായണഗുരുവിനെപ്പോലെയുള്ള സാമൂഹ്യ പരിഷ്‌കർത്താക്കളുടെ ഇടപെടലുകളാണ് ദളിത്, പിന്നാക്ക വിഭാഗങ്ങൾക്ക് സമത്വവും അവസരങ്ങളും ഉറപ്പാക്കിയത്. അത്തരം സാമൂഹിക വിപ്ളവങ്ങൾക്ക് പാകം വരാത്ത, ഗുരുദേവനെപ്പോലുള്ള മഹാഗുരുക്കന്മാർ ഉദയം ചെയ്യാത്ത മേഖലകളിൽ ഹാഥ്‌രസുകളും ഉന്നാവോകളും ഇനിയും ആവർത്തിക്കും. വേദനകൾ സഹിച്ച് വിധിയെ പഴിക്കുന്ന ഇരകളുടെ തേങ്ങലുകൾ മാത്രം ബാക്കിയാകും.