
ന്യൂഡൽഹി: ഹാഥ്‌രസ് കേസുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെ അറസ്റ്റ് ചെയ്യപ്പെട്ട മാദ്ധ്യമപ്രവർത്തകനും കേരള പത്രപ്രവർത്തക യൂണിയൻ ഡൽഹി സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പനെതിരെ യു.പി പൊലീസ് യു.എ.പി.എ ചുമത്തി. നിയമവിരുദ്ധമായി മാദ്ധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണിത്. അതേസമയം, ഇദ്ദേഹത്തെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
രാജ്യദ്രോഹം, ശത്രുത വളർത്തൽ, മതവികാരം ഇളക്കിവിടൽ, ഭീകരപ്രവർത്തനത്തിന് ഫണ്ട് സമാഹരിക്കൽ (യു.എ.പി.എ സെക്ഷൻ 17), ഐ.ടി.ആക്ടിലെ വിവിധ വകുപ്പുകൾ തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങളാണ് മഥുര മാൺഠ് പൊലീസ് സിദ്ദിഖിനെതിരെയും ഒപ്പം അറസ്റ്റിലായ മുസഫർനഗർ സ്വദേശി അതീഖ് ഉർ റഹ്മാൻ, ബഹറൈച്ച് സ്വദേശി മസൂദ് അഹമ്മദ്, രാംപുർ സ്വദേശി അലം എന്നിവർക്കെതിരെയും ആരോപിച്ചിരിക്കുന്നത്.
ഞാൻ ഇന്ത്യയുടെ മകളല്ലേ ? എന്ന തലക്കെട്ടിലുള്ള ലഘുലേഖയും ലാപ്ടോപ്പും മൊബൈൽ ഫോണുകളും ഇവരിൽ നിന്ന് കണ്ടെടുത്തുവെന്നും സമാധാനാന്തരീക്ഷം തകർക്കാനുള്ള വലിയ ഗൂഢാലോചനയുടെ ഭാഗമായായാണ് ഇവർ ഹാഥ്‌രസിലേക്ക് പോയതെന്നുമാണ് പൊലീസിന്റെ ആരോപണം. കലാപമുണ്ടാക്കാനായി ഒരു വെബ്സൈറ്റിലൂടെ ഫണ്ട് ശേഖരിച്ചെന്നും ഈ വെബ് സൈറ്റ് ഭരണഘടനാവിരുദ്ധമാണെന്നും എഫ്.ഐ.ആറിൽ പറയുന്നു.