
ന്യൂഡൽഹി: ഹാഥ്രസിൽ ഉയർന്നജാതിക്കാരായ ചെറുപ്പക്കാരുടെ ക്രൂരപീഡനത്തിന് ഇരയായി ജീവൻ നഷ്ടമായ ദലിത് പെൺകുട്ടിയുടെ കുടുംബം ഗ്രാമം വിടാനൊരുങ്ങുന്നു. പ്രതികൾ ഉൾപ്പെടുന്ന ഠാക്കൂർ സമുദായത്തിൽ നിന്ന് തുടർച്ചയായി ഭീഷണികളുണ്ടാവുകയാണ്.
ഇനി ഭൂലഗാർഹി ഗ്രാമത്തിൽ തുടരാനില്ല. കഴിഞ്ഞ കുറേ ആഴ്ചകളായി ഭീതിയോടെയാണ് ഗ്രാമത്തിൽ കഴിഞ്ഞതെന്നും പെൺകുട്ടിയുടെ പിതാവും സഹോദരനും വെളിപ്പെടുത്തി.
സംഭവത്തിന് ശേഷം ആരും തങ്ങളെ സഹായിക്കാനെത്തിയില്ലെന്നും ഇവർ പറഞ്ഞു. ഇനിയും ഇവിടെ ജീവിക്കാനാവില്ല. ഏതെങ്കിലും ബന്ധുവീട്ടിലേക്ക് മാറുകയാണ്. കഷ്ടപ്പെട്ട് ജോലി ചെയ്താണ് ജീവിച്ചത്. എവിടെ പോയാലും അത് തന്നെ ചെയ്യുമെന്ന് പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചു. സംഭവത്തിന് ശേഷം ഗ്രാമത്തിലുള്ളവരൊന്നും ആശ്വസിപ്പിക്കാനായി വീട്ടിലെത്തിയില്ലെന്ന് പെൺകുട്ടിയുടെ സഹോദരനും പറഞ്ഞു. ഇതിനിടെ സുപ്രീംകോടതി നിർദേശപ്രകാരം പെൺകുട്ടിയുടെ വീട്ടിലെ സുരക്ഷ പൊലീസ് വർദ്ധിപ്പിച്ചിട്ടുണ്ട്.
ഹാഥ്രസ് പെൺകുട്ടിയും പ്രതിയും തമ്മിൽ ബന്ധമെന്ന് പൊലീസ്
ഹാഥ്രസ് പെൺകുട്ടിയെയും വീട്ടുകാരെയും കുറ്റപ്പെടുത്തി വീണ്ടും യു.പി പൊലീസ്. പെൺകുട്ടിയും കേസിലെ ഒന്നാം പ്രതിയായ സന്ദീപുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു.
സഹോദരന്റെ ഫോണിൽ നിന്ന് ഒന്നാം പ്രതി പെൺകുട്ടിയുമായി കഴിഞ്ഞ വർഷം ഒക്ടോബർ 13 മുതൽ 104 തവണയാണ് ഫോണിൽ സംസാരിച്ചതെന്നാണ് പൊലീസ് പറയുന്നത്. പ്രതികളും പെൺകുട്ടിയും തമ്മിൽ നേരത്തെ തന്നെ ബന്ധമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണിതെന്നാണ് പൊലീസ് ഭാഷ്യം. ഇതിന്റെ പശ്ചാത്തലത്തിൽ പെൺകുട്ടിയുടെ സഹോദരന്റെ മൊഴി എസ്.ഐ.ടി. രേഖപ്പെടുത്തും. എന്നാൽ പെൺകുട്ടിയുടെ കുടുംബം ഇത് നിഷേധിച്ചിട്ടുണ്ട്.ഒപ്പം പെൺകുട്ടി രണ്ട് മൊഴി നൽകിയെന്നും ആദ്യ മൊഴിയിൽ പീഡനം നടന്നുവെന്ന് പറഞ്ഞിട്ടില്ലെന്നും പൊലീസ് സുപ്രീംകോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. 22ന് രേഖപ്പെടുത്തിയ മൊഴിയിലാണ് നാല് പേർ തന്നെ ബലാത്സംഗം ചെയ്തുവെന്നു പെൺകുട്ടി പറഞ്ഞതെന്നും റിപ്പോർട്ടിലുണ്ട്.
10 ദിവസം കൂടി സമയം
അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തിന് 10 ദിവസം കൂടി യു,പി സർക്കാർ നീട്ടിനൽകി. ഇന്നലെയായിരുന്നു മുഖ്യമന്ത്രിക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കേണ്ടത്. അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സമയം നീട്ടിനൽകിയതെന്ന് ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അവിനാശ് കുമാർ അവസ്തി പറഞ്ഞു.പെൺകുട്ടിയുടെ വീട്ടിൽ ഞായറാഴ്ച എത്തിയ പ്രത്യേക അന്വേഷണ സംഘം കുടുംബാംഗങ്ങളിൽ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതുവരെ നാല് പേരാണ് അറസ്റ്റിലായിട്ടുള്ളത്. മൊഴി രേഖപ്പെടുത്തൽ നടപടി പുരോഗമിക്കുകയാണ്.