
ന്യൂഡൽഹി : ലോൺകുടിശ്ശിക അടയ്ക്കാൻ പണമില്ലാതായതോടെ വായ്പയെടുത്ത ബാങ്കുകൾ കൊള്ളയടിച്ച് യുവാവ്. ഒഡീഷയിലെ ഭൂവനേശ്വറിലാണ് കളിപ്പാട്ട തോക്കുകൾ ഉപയോഗിച്ച് 25 കാരനായ സൗമ്യരഞ്ജൻ ജിനയ്യ കൊള്ള നടത്തിയത്. രണ്ട് ബാങ്കുകളിൽ നിന്ന് 12 ലക്ഷം രൂപ കവർന്നതായി പൊലീസ് പറഞ്ഞു. റെഡിമെയ്ഡ് വസ്ത്രവ്യാപാരിയായ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കൊള്ളയടിച്ച ശേഷം വായ്പ തുക തിരിച്ചടയ്ക്കാൻ ഇയാൾ ബാങ്കിലെത്തിയിരുന്നു.
ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് കച്ചവട ആവശ്യങ്ങൾക്കായി ജിനയ്യ 19 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. ലോക്‌ഡൗൺ വന്നതോടെ കച്ചവടം നഷ്ടത്തിലായ് വായ്പ മുടങ്ങി. തുടർന്നാണ് ഇയാൾ കവർച്ച ആസൂത്രണം ചെയ്തത്. 'സെപ്തംബർ ഏഴിന് ഇൻഫോസിറ്റി ഏരിയയ്ക്കടുത്തുള്ള ഇന്ത്യൻ ഓവർസീസ് ബാങ്കിൽ നിന്നും സെപ്തംബർ 28 ന് മഞ്ചേശ്വർ പ്രദേശത്തെ ബാങ്ക് ഓഫ് ഇന്ത്യയുടെ ബാരിമുണ്ട ബ്രാഞ്ചിൽ നിന്നുമായി 12 ലക്ഷം രൂപ ഇയാൾ കൊള്ളയടിച്ചിരുന്നു.
യൂട്യൂബ് വീഡിയോകൾ കണ്ടാണ് കൊള്ള ആസൂത്രണം ചെയ്തത്. കൊള്ളയടിച്ച 10 ലക്ഷത്തിലധികം രൂപ കണ്ടെടുത്ത പൊലീസ് കവർച്ചയ്ക്ക് ഉപയോഗിച്ച വാഹനവും കളിപ്പാട്ട തോക്കും പിടിച്ചെടുത്തതായി ഭുവനേശ്വർ കട്ടക്ക് പൊലീസ് കമ്മീഷണർ സുധാൻശു സാരംഗി പറഞ്ഞു.
സ്കൂട്ടിയിൽ ഹെൽമെറ്റ് ധരിച്ച് ബാങ്കിലേക്ക് വന്ന ജിനയ്യ കളിപ്പാട്ട തോക്കുപയോഗിച്ച് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യ ബാങ്ക് കൊള്ളയടിച്ചശേഷം ഇയാൾ യഥാർത്ഥ തോക്കും തിരകളും വാങ്ങിയെന്നും പൊലീസ് പറയുന്നു.