modi

ന്യൂഡൽഹി: തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ അമരത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി പദങ്ങളിൽ തുടർച്ചയായി 20 വർഷം തികച്ച് നരേന്ദ്രമോദി രാഷ്‌ട്രീയ ജീവിതത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിട്ടു. കേശുഭായ് പട്ടേലിന്റെ പിൻഗാമിയായി 2001 ഒക്‌ടോബർ ആറിനാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായത്. നാലു ഭരണ തുടർച്ചകളിലൂടെ 13 വർഷം മുഖ്യമന്ത്രി പദത്തിലിരുന്ന ശേഷം 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് പ്രധാനമന്ത്രിയായി. അഞ്ചു വർഷത്തിനു ശേഷം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ അധികാരം നിലനിറുത്തിയ മോദി ഇന്നലെ 2020 ഒക്‌ടോബർ ഏഴിന് അധികാര കസേരയിൽ തുടർച്ചയായ 20 വർഷം തികച്ചു.

പൊതുജീവിതത്തിലെ തുടർച്ചയായ 20 വർഷത്തെ നേട്ടം കൈവരിച്ച പ്രധാനമന്ത്രി മോദിക്ക് അഭിനന്ദനം അർപ്പിച്ചാണ് ഇന്നലെ കേന്ദ്രമന്ത്രിസഭാ യോഗം ആരംഭിച്ചത്. 20 വർഷത്തിനുള്ളിൽ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനുള്ള നിരവധി പദ്ധതികൾ നടപ്പാക്കിയ നേതാവാണ് മോദിയെന്ന് മന്ത്രിസഭാ തീരുമാനങ്ങൾ അറിയിച്ച കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. 'നമോയുടെ 20 വർഷം' എന്ന പേരിൽ ബി.ജെ.പി പ്രവർത്തകരും നേട്ടം ആഘോഷിച്ചു.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ വർഷം അധികാരത്തിലിരുന്ന പ്രധാനമന്ത്രിമാരിൽ ഒരാളാണ് നരേന്ദ്രമോദി. പ്രധാനമന്ത്രി കസേരയിൽ ഏറ്റവും കൂടുതൽ കാലമിരുന്ന കോൺഗ്രസുകാരനല്ലാത്ത നേതാവുമാണ്. ഇക്കാര്യത്തിൽ അന്തരിച്ച മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ റെക്കാഡാണ് മോദി തകർത്തത്.

ലോക നേതാക്കളിൽ മുൻ യു.എസ് പ്രസിഡന്റ് ബിൽ ക്ളിന്റനും തുടർച്ചയായ 20 വർഷത്തെ റെക്കാഡുണ്ട്. രണ്ട് തവണ ഗവർണറും (1979 മുതൽ 1992വരെ) 1993മുതൽ 2001 വരെ യു. എസ് പ്രസിഡന്റ് പദവിയിലുമിരുന്നാണ് ക്ളിന്റൻ 20 വർഷം തികച്ചത്. മുൻ യു.എസ് പ്രസിഡന്റ് ഫ്രാങ്ക്‌ലിൻ റൂസ്‌വെൽറ്റ് (ഗവർണർ, യു.എസ് പ്രസിഡന്റ് പദവികളിലായി16 വർഷവും 3മാസവും) , മുൻ ജർമ്മൻ ചാൻസലർ ഹെൽമട്ട് കോൾ (16 വർഷം) എന്നിവരാണ് തുടർച്ചയായി കൂടുതൽ സമയം അധികാരത്തിലിരുന്ന മറ്റ് ലോക നേതാക്കൾ.