
ന്യൂഡൽഹി: പുതിയ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് ചർച്ചയ്ക്കുള്ള കേന്ദ്രസർക്കാർ ക്ഷണം പഞ്ചാബിലെ കർഷകർ തള്ളി. കേന്ദ്ര കൃഷിമന്ത്രാലയ സെക്രട്ടറിയാണ് കർഷക സംഘടനകളെ ചർച്ചയ്ക്ക് ക്ഷണിച്ച് ഇ-മെയിൽ അയച്ചത്. കേന്ദ്രസർക്കാരിന്റെ ഭാഗത്ത് നിന്ന് ഉത്തരവാദിത്വപ്പെട്ടവർ ക്ഷണിച്ചാൽ ചർച്ചയിൽ പങ്കെടുക്കുന്നത് പരിഗണിക്കാമെന്ന് വിവിധ നേതാക്കൾ അറിയിച്ചു.
നിലവിലെ പ്രക്ഷോഭത്തെ ഭിന്നിപ്പിക്കാനാണ് കേന്ദ്രശ്രമം. രാജ്യത്തെ എല്ലാ കർഷക സംഘടനകളെയും പ്രധാനമന്ത്രി ക്ഷണിക്കണമെന്നും നേതാക്കൾ പറഞ്ഞു.
പുതിയ കേന്ദ്ര നിയമങ്ങളിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ആരംഭിച്ച ട്രെയിൻ തടയൽ സമരം തുടരുമെന്നും കർഷകർ വ്യക്തമാക്കി. ഒരാഴ്ച്ചയ്ക്കുള്ളിൽ പ്രത്യേക നിയമസഭാസമ്മേളനം വിളിച്ചുചേർത്ത് കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കണമെന്നുംആവശ്യമുന്നയിച്ചിട്ടുണ്ട്.
ഹരിയാനയിലെ സിർസയിലും കർഷക സമരം തുടരുകയാണ്. ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ വസതിക്ക് മുന്നിൽ കർഷകരുടെ അനിശ്ചിത കാല സമരം ചൊവ്വാഴ്ച ആരംഭിച്ചു. ഇവിടെ ധർണ നടത്തിയ സ്വരാജ് ഇന്ത്യ നേതാവ് യോഗേന്ദ്ര യാദവിനെയും നൂറോളം കർഷകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.