
ന്യൂഡൽഹി: നാഗാലാൻഡ്, മണിപ്പൂർ മുൻ ഗവർണറും മുൻ സി.ബി.ഐ ഡയറക്‌ടറുമായിരുന്ന അശ്വനികുമാറിനെ(69) സിംലയിലെ സ്വവസതിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കുറച്ചു നാളായി ഇദ്ദേഹം വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ഹിമാചൽ പ്രദേശ് ഐ.പി.എസ് കേഡർ 1973 ബാച്ച് ഉദ്യോഗസ്ഥനായിരുന്ന അശ്വനികുമാർ യു.പി.എ ഭരിച്ചിരുന്ന 2008 മുതൽ 2010 കാലത്താണ് സി.ബി.ഐ മേധാവിയായി സേവനമനുഷ്‌ഠിച്ചത്. ഗുജറാത്ത് മന്ത്രിയായിരിക്കെ അമിത് ഷാ പ്രതിയായ സൊറാബ്‌ദീൻ വ്യാജ ഏറ്റുമുട്ടൽ കേസ് അന്വേഷിച്ചത് ഇദ്ദേഹത്തിന്റെ മേൽനോട്ടത്തിലായിരുന്നു.
മുൻ ഹിമാചൽ ഡി.ജി.പിയായിരുന്ന അദ്ദേഹത്തെ 2013 മാർച്ചിലാണ് നാഗലാൻഡ് ഗവർണറായി നിയോഗിച്ചത്. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ സർക്കാർ അധികാരമേറ്റ ശേഷം 2014 ജൂണിൽ രാജിവച്ചു. കുറച്ചുകാലം മണിപ്പൂർ ഗവർണറുടെ ചുമതലയും വഹിച്ചിരുന്നു.