
ന്യൂഡൽഹി :എസ്.എൻ.സി ലാവ്ലിൻ കേസിൽ പിണറായി വിജയൻ ഉൾപ്പെടെയുള്ളവരെ വിചാരണക്കോടതിയും ഹൈക്കോടതിയും വെറുതേവിട്ട സാഹചര്യത്തിൽ തങ്ങൾ ഇടപെടണമെങ്കിൽ സി.ബി.ഐ ശക്തമായ തെളിവുകൾ ഹാജരാക്കണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ഹൈക്കോടതി വിധിയിൽ തങ്ങൾ ഇടപെടണമെങ്കിൽ ശക്തമായ വസ്തുതകൾ വേണമെന്ന് ജസ്റ്റിസ് യു.യു. ലളിത് ഉൾപ്പെട്ട ബെഞ്ച് സി.ബി.ഐയെ അറിയിച്ചു. ഇക്കാര്യത്തിൽ ഒരു കുറിപ്പ് തയാറാക്കിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഇതോടെ വസ്തുതകൾ അടങ്ങിയ സമഗ്രമായ നോട്ട് സമർപ്പിക്കാൻ സി.ബി.ഐക്ക് കോടതി ഒരാഴ്ച അനുവദിച്ചു.
സി.ബി.ഐ വാദങ്ങൾക്ക് മറുപടി നൽകാമെന്ന് പിണറായി വിജയന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ഹരീഷ് സാൽവെയും വ്യക്തമാക്കി. ഹർജികളിൽ അടിയന്തരമായി തീരുമാനം വേണമെന്ന സി.ബി.ഐയുടെ ആവശ്യം പരിഗണിച്ച് സുപ്രീംകോടതി കേസ് 16 ലേക്ക് മാറ്റി.
വിശദമായി വാദം കേൾക്കേണ്ടതിനാൽ വെള്ളിയാഴ്ച അവസാനത്തെ കേസായിട്ടാണ് ലാവ്ലിൻ ഹർജികൾ പരിഗണിക്കാൻ സുപ്രീംകോടതി തീരുമാനിച്ചിരിക്കുന്നത്. ജി. പ്രകാശാണ് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായത്. കസ്തുരിരംഗ അയ്യർക്ക് വേണ്ടി ആർ. ബസന്ത്, ആർ. ശിവദാസന് വേണ്ടി മുൻ അഡിഷണൽ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ്, കെ.ജി. രാജശേഖരന് വേണ്ടി രാകേന്ദ് ബസന്ത് എന്നിവരും വി.എം. സുധീരന് വേണ്ടി ദേവദത്ത് കാമത്തും എം.ആർ. രമേശ് ബാബുവുമാണ് ഹാജരായത്.
കേസിലെ ഏഴാം പ്രതിയായിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ, ഒന്നാം പ്രതിയായിരുന്ന മുൻ ഊർജ സെക്രട്ടറി കെ. മോഹനചന്ദ്രൻ, എട്ടാം പ്രതി എ. ഫ്രാൻസിസ് എന്നിവർക്കെതിരായ കുറ്റപത്രം റദ്ദാക്കിയ കേരള ഹൈക്കോടതി വിധിക്കെതിരെ സി.ബി.ഐയും കസ്തൂരിരങ്ക അയ്യർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥരും നൽകിയ ഹർജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.