katju

ന്യൂഡൽഹി: ദ്രാവിഡ കഴകം നേതാവും സാമൂഹിക പരിഷ്‌കർത്താവുമായ പെരിയാറെ അധിക്ഷേപിച്ച് മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാർകണ്ഡേയ കഡ്ജു. ബ്രിട്ടീഷ് ഏജന്റും രാജ്യദ്രോഹിയുമാണ് പെരിയാറെന്നാണ് കട്ജുവിന്റെ കണ്ടെത്തൽ. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കാൻ പെരിയാർ ആഗ്രഹിച്ചില്ലെന്നും അതിനാലാണ് ആഗസ്റ്റ് 15ന് അദ്ദേഹം കരിദിനം ആചരിച്ചതെന്നുമാണ് കഡ്ജു ഫേസ്ബുക്കിൽ കുറിച്ചത്.

ചെന്നൈയിലെ തന്റെ സുഹൃത്ത് മീനവിശ്വനാഥ് അയച്ചുതന്നതെന്ന് പറഞ്ഞ് ഒരു പഴയ തമിഴ് പോസ്റ്ററും കട്ജു പങ്കുവച്ചിട്ടുണ്ട്. പോസ്റ്റ് വൈറലായതോടെ തമിഴ്‌നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

ഇതോടെ കഡ്ജു മറ്റൊരു പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. അതിൽ വിമർശനങ്ങൾ ആവർത്തിക്കുകയാണ് അദ്ദേഹം ചെയ്തത്.'എനിക്ക് തമിഴരെക്കുറിച്ച് ഉയർന്ന അഭിപ്രായമുണ്ടായിരുന്നു. പക്ഷേ, ചതിയനും ബ്രിട്ടീഷ് ഏജന്റുമായ പെരിയാറിനെക്കുറിച്ചുള്ള എന്റെ പോസ്റ്റിനോടുള്ള അവരുടെ പ്രതികരണം തെളിയിക്കുന്നത് അവരിൽ വലിയൊരു വിഭാഗം മസ്തിഷ്‌കപ്രക്ഷാളനം സംഭവിച്ച വിഡ്ഡികളാണെന്നാണ് - കഡ്ജു കുറിച്ചു.