
ന്യൂഡൽഹി: ജില്ലാ ഭരണകൂടം അനധികൃതമായി തടങ്കലിൽ പാർപ്പിച്ചിരിക്കുന്നുവെന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹാഥ്‌രസ് പെൺകുട്ടിയുടെ കുടുംബം അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചു. പെൺകുട്ടിയുടെ മാതാപിതാക്കൾ, സഹോദരങ്ങൾ, രണ്ട് ബന്ധുക്കൾ എന്നിവർക്കായി അഖില ഭാരതീയ വാത്മീകി മഹാ പഞ്ചായത്ത് ദേശീയ ജനറൽ സെക്രട്ടറി സുരേന്ദ്ര കുമാറാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ 29ന് ശേഷം വീട്ടിൽ നിന്നിറങ്ങാനോ ആരെയും കാണാനോ ജില്ലാ ഭരണകൂടം അനുവദിക്കുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു.സന്ദർശകരെ അനുവദിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങളുണ്ട്. പെൺകുട്ടിയുടെ സഹോദരന്റെ ഫോൺ വിളികളുടെ രേഖകൾ പുറത്തുവിട്ട് സമ്മർദ്ദത്തിലാക്കുന്നു. മൗലിക അവകാശങ്ങൾ ലംഘിക്കപ്പെടുകയാണ്. ഭയത്തിലാണ് വീട്ടിനുള്ളിൽ പോലും കഴിഞ്ഞു കൂടുന്നത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കായി ഡൽഹിയിൽ പോകാൻ ആഗ്രഹിക്കുന്നു. ഹർജി 12ന് പരിഗണിക്കും.
രണ്ട് വനിതാ എസ്.ഐമാർ, പത്ത് വനിതാ കോൺസ്റ്റബിൾമാർ എന്നിവരുടെ സംഘത്തെക്കൂടി ഇന്നലെ പെൺകുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഹാഥ്‌രസ് ജില്ലയുടെ സുരക്ഷയുടെ പ്രത്യേക മേൽനോട്ടം ഒരു എ.ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന് നൽകി.
നിരപരാധിയെന്ന് കത്ത്
കേസിൽ കുടുക്കുകയായിരുന്നുവെന്ന് കാട്ടിയുള്ള പ്രതികളുടെ കത്ത് പുറത്ത്. മുഖ്യപ്രതി സന്ദീപ് താക്കൂറിന്റെ പേരിലാണ് കത്ത് പ്രചരിക്കുന്നത്. പെൺകുട്ടിയുമായി സൗഹൃദമുണ്ടായിരുന്നുവെന്നും ദിവസത്തിലൊരിക്കൽ സംസാരിച്ചിരുന്നുവെന്നും സന്ദീപ് അവകാശപ്പെടുന്നു. സംഭവദിവസം പെൺകുട്ടിയുമായി സംസാരിച്ചിരുന്നു. അപ്പോൾ പെൺകുട്ടിയുടെ സഹോദരനും അമ്മയുമുണ്ടായിരുന്നു. പിന്നീട് ഞാൻ വീട്ടിലേക്ക് മടങ്ങി. എന്നാൽ, കുറച്ച് സമയത്തിന് ശേഷം പെൺകുട്ടിയെ സഹോദരനും അമ്മയും ക്രൂരമായി മർദിച്ചുവെന്ന് അറിഞ്ഞു.
താൻ അവളോട് ഒരിക്കലും മോശമായി പെരുമാറിയിട്ടില്ലെന്നും സന്ദീപ് പറയുന്നു. പ്രതികൾ കത്തെഴുതിയ വിവരം അലിഗഢ് ജയിലിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. കത്തിന്റെ ആധികാരികത സംബന്ധിച്ചോ ആരോപണങ്ങളെ കുറിച്ചോ യു.പി സർക്കാരോ പൊലീസോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.