
ന്യൂഡൽഹി: ലോക്ക്ഡൗണിലെ ആഭ്യന്തര, അന്താരാഷ്ട്ര വിമാനടിക്കറ്റുകളുടെ തുക തിരിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ വിശദമായ മാർഗരേഖ പുറത്തിറക്കി.
വിഭാഗം ഒന്ന്
ലോക്ക്ഡൗൺ മൂലം ആഭ്യന്തര വിമാന സർവീസ് പൂർണമായും ഇല്ലാതിരുന്ന മാർച്ച് 25നും മെയ് 24നും ഇടയിൽ ബുക്ക് ചെയ്യുകയും യാത്ര ചെയ്യേണ്ട തീയതി ലോക്ക്ഡൗൺ കാലത്തിനുള്ളിലാകുകയും ചെയ്ത എല്ലാ ടിക്കറ്റുകളുടെയും തുക ടിക്കറ്റ് കാൻസൽ ചെയ്ത് മൂന്ന് ആഴ്ചയ്ക്കുള്ളിൽ തിരിച്ചു നൽകണം. കാൻസലേഷൻ ചാർജ്ജുകൾ ഈടാക്കാൻ പാടില്ല. ട്രാവൽ ഏജൻസി വഴി ബുക്ക് ചെയ്ത ടിക്കറ്റാണെങ്കിൽ ഏജൻസിക്കാണ് പണം നൽകേണ്ടത്. ഇന്ത്യയിൽ നിന്ന് ഇന്ത്യൻ വിമാനക്കമ്പനികളിലും വിദേശ വിമാനക്കമ്പനികളിലും അന്താരാഷ്ട്ര യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്കും ഇതേ രീതിയിൽ തുക തിരികെ നൽകണം.
 രണ്ടാം വിഭാഗം
മാർച്ച് 25നും മെയ് 24നും ഉള്ളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റുകളുടെ തുക ഒക്ടോബർ ഏഴു മുതൽ 15 ദിവസത്തിനകം തിരിച്ചു നൽകണം. സാദ്ധ്യമല്ലെങ്കിൽ 2021 മാർച്ച് 31വരെ വിമാനക്കമ്പനികൾക്ക് ക്രെഡിറ്റ് ഷെല്ലുകളായി യാത്രക്കാരന്റെ പേരിൽ സൂക്ഷിക്കാം. ഈ കാലത്തിനുള്ളിൽ ഈ തുക ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാം. ഇത്തരം ക്രെഡിറ്റ് ഷെല്ലുകൾ മറ്റൊരാളുടെ പേരിലേക്ക് ട്രാൻസ്ഫർ ചെയ്യാനായി വിമാനക്കമ്പനികൾ സൗകര്യമൊരുക്കണം. ടിക്കറ്റ് ബുക്ക് ചെയ്തത് ഏജൻസി വഴിയാണെങ്കിലും യാത്രക്കാരന്റെ പേരിലായിരിക്കും ക്രെഡിറ്റ് ഷെൽ സൂക്ഷിക്കുക. എന്നാൽ ഇത് ഉപയോഗിക്കുന്നത് അതേ ഏജൻസി വഴിയായിരിക്കണം. 2001 മാർച്ച് 31വരെ യാത്രക്കാരൻ ഈ തുക വിനിയോഗിച്ചില്ലെങ്കിൽ തുക 0.75 ശതമാനം മൂല്യവർദ്ധനയോടെ പൂർണമായും തിരിച്ചു നൽകണം. അന്താരാഷ്ട്ര യാത്രക്ക് വിദേശവിമാനക്കമ്പനികളിൽ ബുക്ക് ചെയ്ത ടിക്കറ്റാണെങ്കിൽ കോടതി വിധി വന്ന ഈ മാസം 1 മുതൽ മൂന്നാഴ്ച തികയും മുമ്പ് തുക തിരിച്ചു നൽകണം.
 മൂന്നാം വിഭാഗം
മെയ് 24ന് ശേഷം ബുക്ക് ചെയ്ത ടിക്കറ്റുകളുടെ കാര്യത്തിൽ സിവിൽ എവിയേഷൻ റിക്വയർമെന്റിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാം. അന്താരാഷ്ട്ര സർവീസുകളിൽ ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങളിൽ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് മാത്രമേ തുക തിരികെ ലഭിക്കൂ എന്നും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ നേരത്തെ സുപ്രിംകോടതിയിൽ അറിയിച്ചിരുന്നു.