
ന്യൂഡൽഹി:ടി.ആർ.പി റേറ്റിംഗ് സംവിധാനത്തിൽ കൃത്രിമം കാട്ടിയതിന് ഇംഗ്ളീഷ് വാർത്താ ചാനൽ റിപ്പബ്ളിക്, ഫക്‌ത് മറാഠി, ബോക്‌സ് സിനിമ എന്നിവയ്‌ക്കെതിരെ മുംബയ് പൊലീസ് കേസെടുത്തു. ഹൻസ എന്ന സംഘടനയുടെ സഹായത്തോടെ പ്രേക്ഷകരെ വാടകയ്‌ക്കെടുത്ത് ജനപ്രീതിയുണ്ടെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചതിനാണ് കേസ്.
ടി.ആർ.പി റേറ്റിംഗ് നിശ്‌ചയിക്കുന്ന 2000 ബാരോമീറ്ററുകൾ മുംബയിലെ വീടുകളിൽ ഘടിപ്പിച്ച് ഒരു ചാനൽ മാത്രം കാണാൻ ആവശ്യപ്പെടുന്നതായിരുന്നു രീതി. ഇപ്രകാരം ടി.ആർ.പി റേറ്റിംഗ് കൂട്ടാൻ സഹായിക്കുന്നവർക്ക് മാസം 400-500 രൂപ വീതം പ്രതിഫലം നൽകിയിരുന്നു. വീടുകളിൽ ബാരോമീറ്ററുകൾ സ്ഥാപിച്ച രണ്ടുപേരെ പൊലീസ് അറസ്‌റ്റു ചെയ്‌തു.
സംഭവവുമായി ബന്ധപ്പെട്ട് റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസാമി അടക്കമുള്ളവരെ ഇന്ന് ചോദ്യം ചെയ്യുമെന്ന് മുംബയ് പൊലീസ് കമ്മിഷണർ പരം ഭീർ സിംഗ് പറഞ്ഞു. അതേസമയം ബോളിവുഡ് നടൻ സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മുംബയ് പൊലീസിനെ വിമർശിച്ചതിന് പ്രതികാരം ചെയ്യുകയാണെന്നും സിറ്റി പൊലീസ് കമ്മിഷണർക്കെതിരെ കേസു നൽകുമെന്നും അർണാബ് ഗോസാമി പ്രതികരിച്ചു.
ടെലിവിഷൻ പരിപാടികളുടെ ജനപ്രിയതയ്‌ക്ക് മാനദണ്ഡമായി പരിഗണിക്കുന്ന ടി.ആർ.പി റേറ്റിംഗ് അവസാനിപ്പിക്കുയോ മാറ്റം വരുത്തുകയോ ചെയ്യണമെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കർ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ടി.ആർ.പി റേറ്റിംഗ് കൂട്ടാൻ പ്രകോപനപരമായ ഉള്ളടക്കം അടങ്ങിയ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നതിനെ ന്യായീകരിക്കാൻ കഴിയില്ലെന്നും മാദ്ധ്യമ സ്ഥാപനങ്ങൾ ഉള്ളടക്കത്തിന്റെ കാര്യത്തിൽ സ്വയം നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നാലെയാണ് മൂന്നക ചാനലുകൾക്കെതിരെ കേസെടുത്തിരിക്കുന്നത്.