rafale

ന്യൂഡൽഹി: വ്യോമസേനയുടെ 88-ാം സ്ഥാപക ദിനാഘോഷത്തിന് പകിട്ടേകി റാഫേൽ വിമാനങ്ങളുടെ വിസ്‌മയ പ്രകടനം. ഗാസിയാബാദിലെ ഹിൻഡൻ വ്യോമതാവളത്തിൽ സ്ഥാപക ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വ്യോമാഭ്യാസത്തിലാണ് റാഫേലിന്റെ പ്രകടനങ്ങൾ അരങ്ങേറിയത്. ചീഫ് ഓഫ് ഡിഫൻസ് സ്‌റ്റാഫ് ജനറൽ ബിപിൻ റാവത്തും വ്യോമസേനാ മേധാവി എയർചീഫ് മാർഷൽ ആർ.കെ.ബദൗരിയയും അടക്കം ക്ഷണിക്കപ്പെട്ട അതിഥികൾ പ്രകടനത്തിന് സാക്ഷിയായി.

ആദ്യം ഒറ്റയ്‌ക്ക് പറന്നെത്തിയ റാഫേൽ വിമാനം ആകാശത്ത് ഒരു ഹോക്കി സ്‌റ്റേഡിയത്തിനെക്കാൾ കുറഞ്ഞ വിസ്‌തൃതിക്കുള്ളിൽ വട്ടം തിരിഞ്ഞ ശേഷം എട്ട് എന്ന അക്കം വരച്ച് വിസ്മയിപ്പിച്ചു. പിന്നീട് രണ്ട് വീതം ജാഗ്വാർ, മിറാഷ് 2000 വിമാനങ്ങളുടെ അകമ്പടിയോടെ വിജയ് ഫോർമേഷനെ നയിച്ചതും റാഫേൽ. അകമ്പടി വിമാനങ്ങൾ ഇരുവശത്തേക്കും പറന്നകന്നപ്പോൾ റാഫേൽ ആകാശത്ത് കുത്തനെ പൊങ്ങിയുയർന്ന് കാണികളെ ഞെട്ടിച്ചു. തുടർന്ന് മറ്റൊരു റാഫേൽ റഷ്യൻ നിർമ്മിത സുഖോയ് 30 യുദ്ധവിമാനത്തിനൊപ്പം ഒരു മിന്നൽപ്പോലെ ഹിൻഡൻ വ്യോമതാവളത്തിന് മുകളിലൂടെ ഇരമ്പിപ്പാഞ്ഞു.

ജൂലായ് 29ന് ഫ്രാൻസിൽ നിന്നെത്തിയ ശേഷം സെപ്‌തംബർ 10ന് അംബാലയിലെ ഗോൾഡൻ ആരോസ് സ്‌ക്വാഡ്രന്റെ ഭാഗമായ റാഫേൽ വിമാനങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത് ആദ്യമായാണ്. അപ്പാച്ചെ, എം35 ഹെലികോപ്‌ടറുകളുടെ ഏകലവ്യ ഫോർമേഷൻ, ചിനൂഫ് ഹെലികോപ്ടറുകൾ നടത്തിയ ഫ്ളൈപാസ്‌റ്റ്, സേനയുടെ സാരംഗ് ടീമിന്റെ വർണാഭമായ പ്രകടനങ്ങളും കാണികളെ ത്രസിപ്പിച്ചു.

ആകാശശക്തിയിലൂടെ സംഘടിതമായ ബഹുമേഖലാ ഓപ്പറേഷനുകൾ നടത്തുന്ന കാലഘട്ടത്തിലേക്കാണ് പ്രവേശിക്കുന്നതെന്നും ഏതു വെല്ലുവിളികളും നേരിടാൻ സേന സജ്ജമാണെന്നും ആർ.കെ. ബദൗരിയ പറഞ്ഞു

2019ലെ ബാലക്കോട്ട് ഓപ്പറേഷനിൽ പങ്കെടുത്ത സ്‌ക്വാഡ്രൻ ലീഡർ മിന്റി അഗർവാൾ, ഗ്രൂപ്പ് ക്യാപ്ടൻ ഹൻസൽ സെക്കുവേറ, ഗ്രൂപ്പ് ക്യാപ്ടൻ ഹേമന്ത്കുമാർ വാദ്സ എന്നിവർക്ക് ധീരതയ്‌ക്കുള്ള യുദ്ധ സേവാ മെഡലുകൾ നൽകി ആദരിച്ചു.