
ഉദ്ഘാടനം നിർവഹിച്ചത് രാജ്നാഥ് സിംഗ്
ന്യൂഡൽഹി: രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, വടക്ക് കിഴക്കൻ അതിർത്തി പ്രദേശങ്ങളിൽ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ നിർമ്മിച്ച 44 പാലങ്ങൾ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുറന്നു കൊടുത്തു. അരുണാചൽ പ്രദേശിലെ തവാംഗിനെ ബന്ധിപ്പിക്കുന്ന നെച്ചിപു തുരങ്ക പാതയുടെ ശിലാസ്ഥാപന കർമവും വീഡിയോ കോൺഫറൻസ് വഴി നടന്ന ചടങ്ങിൽ അദ്ദേഹം നിർവഹിച്ചു.
സൈനിക നീക്കങ്ങളിൽ നിർണായകമാകാനിടയുള്ള 44 പാലങ്ങൾ അരുണാചൽ പ്രദേശ് (8), ഉത്തരാഖണ്ഡ് (8), പഞ്ചാബ് (4), സിക്കിം (4), ഹിമാചൽപ്രദേശ് (2) സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ലഡാക് (8), ജമ്മുകാശ്‌മീർ (10) എന്നിവിടങ്ങളിലുമാണ് നിർമ്മിച്ചിട്ടുള്ളത്. ചൈന അതിർത്തിയോട് ചേർന്ന തവാംഗിൽ മോശം കാലാവസ്ഥയിലും യാത്ര സാദ്ധ്യമാക്കാൻ ലക്ഷ്യമിട്ട് നിർമ്മിക്കുന്ന ഇരട്ടപ്പാതാ തുരങ്കത്തിന് 450 മീറ്റർ നീളമുണ്ടാകും.
അതിർത്തിയിലെ സൈനിക നീക്കങ്ങളിൽ നിർണായകമായ പാല നിർമ്മാണത്തിനാണ് ബി.ആർ.ഒ മുൻഗണന നൽകുന്നത്. അതിർത്തിയിൽ ചൈനയുടെ പ്രകോപനത്തിന് പ്രധാന കാരണവും ഇതാണ്. ഇക്കൊല്ലം ഇതുവരെ 54 പാലങ്ങൾ പൂർത്തിയായി. അതിർത്തിയോട് ചേർന്ന ഉൾപ്രദേശങ്ങളിൽ 60 ബെയ്‌ലി പാലങ്ങളും ബി.ആർ.ഒ നിർമ്മിച്ചു.
അതിർത്തിയിൽ പ്രശ്‌നമുണ്ടാക്കാനുള്ള ദൗത്യം നടപ്പാക്കുന്നത് പോലെയാണ് ചൈനീസ് സൈന്യത്തിന്റെ നടപടികളെന്ന് രാജ്നാഥ് ചൂണ്ടിക്കാട്ടി. ആദ്യം പാകിസ്ഥാൻ മാത്രമായിരുന്നു പ്രശ്‌നം. ഇപ്പോൾ ചൈനയും രംഗത്തെത്തിയതോടെ 7000 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തിയിൽ സംഘർഷാവസ്ഥയാണ്. അതിർത്തിയിലെ അടിസ്ഥാന സൗകര്യ വികസനത്തിനും ഇതോടൊപ്പം വേഗത കൂടിയെന്ന് രാജ്നാഥ് ചൂണ്ടിക്കാട്ടി. റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കിയ ബി.ആർ.ഒയെ അദ്ദേഹം അഭിനന്ദിച്ചു.
കേന്ദ്രമന്ത്രിമാരായ ഡോ. ജിതേന്ദ്ര സിംഗ്, കിരൺ റിജിജു, സംയുക്ത സേന തലവൻ ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം നരവാനെ, രാജ്യരക്ഷാ സെക്രട്ടറി അജയ് കുമാർ, ഹിമാചൽ പ്രദേശ്, പഞ്ചാബ്,സിക്കിം, ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാരും ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണറും ചടങ്ങിൽ പങ്കെടുത്തു.