
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ, സിവിൽ സപ്ളൈസ് മന്ത്രിയും ലോക് ജൻശക്തി പാർട്ടി (എൽ.ജെ.പി) നേതാവുമായ രാംവിലാസ് പാസ്വാൻ (74) അന്തരിച്ചു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ഹൃദയ ശസ്‌ത്രക്രിയയ്‌ക്ക് വിധേയനായ പാസ്വാന്റെ അരോഗ്യനില ഇന്നലെ രാത്രിയോടെ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മകനും എം.പിയുമായ ചിരാഗ് പാസ്വാനാണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ഭാര്യ: റീനാ ശർമ്മ. ഉഷ, ആശ, നിഷ എന്നിവരാണ് മറ്റു മക്കൾ.
ബീഹാറിൽ നിന്ന് ദേശീയ രാഷ്ട്രീയത്തിൽ തലപ്പൊക്കം നേടിയ ദളിത് നേതാക്കളിൽ പ്രമുഖനാണ് രാംവിലാസ് പാസ്വാൻ. ജനതാദൾ, യു.പി.എ, എൻ.ഡി.എ മുന്നണികളിൽ പ്രവർത്തിച്ച് അഞ്ച് പ്രധാനമന്ത്രിമാർക്കു കീഴിൽ റെയിൽവെ, കമ്മ്യൂണിക്കേഷൻ, കെമിക്കൽ, രാസവളം, സ്‌റ്റീൽ, ഭക്ഷ്യ സിവിൽ സപ്ളൈസ് വകുപ്പുകൾ കൈകാര്യം ചെയ്‌തു. എട്ടുതവണ ലോക്‌സഭയിലേക്കും രണ്ടുതവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 1977 ൽ ജനതാപാർട്ടി ടിക്കറ്റിൽ ബീഹാറിലെ ഹാജിപ്പൂർ ലോക്‌സഭാ മണ്ഡലത്തിലെ ആദ്യ മത്സരത്തിൽ രാംവിലാസ് പാസ്വാൻ നേടിയ 4.24 ലക്ഷം വോട്ട് ഭൂരിപക്ഷം അന്ന് ലോക റെക്കാഡ് ആയിരുന്നു. പിന്നീട് ഏഴു തവണ കൂടി ഹാജിപ്പൂർ എം.പി ആയി.
ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ അടിയന്തരവസ്ഥയെ എതിർത്ത ജയപ്രകാശ് നാരായണന്റെ അനുയായിയായാണ് രാഷ്‌ട്രീയ പ്രവേശം. സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ 1969-ൽ ബീഹാർ നിയമസഭാംഗമായി. പിന്നീട് ലോക്‌ദളിലും പ്രവർത്തിച്ചു. ജനതാപാർട്ടിയിലൂടെ ലോക്‌സഭാംഗമായി. ദളിതർക്കു വേണ്ടിയുള്ള ദളിത് സേനാ പ്രക്ഷോഭങ്ങളിലൂടെ ശ്രദ്ധേയനായ പാസ്വാൻ വി.പി. സിംഗിനൊപ്പം ജനതാദളിലും പ്രവർത്തിച്ചു. 2000- ലാണ് എൽ.ജെ.പി രൂപീകരിച്ചത്. 2004-ൽ കോൺഗ്രസ് നേതൃത്വം നൽകിയ യു.പി.എയിലും 2014- ൽ ബി.ജെ.പിക്കു കീഴിൽ എൻ.ഡി.എയിലും ചേർന്ന് മന്ത്രിസഭയിൽ അംഗമായി.
ബീഹാർ തിരഞ്ഞെടുപ്പിൽ ജെ.ഡി.യു നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് എൻ.ഡി.എ വിട്ട് സ്വന്തം നിലയ്‌ക്കാണ് എൽ.ജെ.പി മത്സരിക്കുന്നത്.