
ന്യൂഡൽഹി: വി.പി.സിംഗ്, എച്ച്.ഡി. ദേവഗൗഡ, എ.ബി. വാജ്‌പേയി, മൻമോഹൻസിംഗ്, നരേന്ദ്രമോദി എന്നീ പ്രധാനമന്ത്രിമാർക്കു കീഴിൽ കേന്ദ്രത്തിൽ സുപ്രധാന വകുപ്പുകളുടെ ചുമതല വഹിച്ച രാംവിലാസ് പാസ്വാൻ 80കൾ മുതലിങ്ങോട്ട് എല്ലാ സർക്കാരുകളുടെയും ഭാഗമാണ്. ജെ.പിയുടെ സോഷ്യലിസ്‌റ്റ് മുന്നേറ്റങ്ങളുടെ ഭാഗമായി രാഷ്‌ട്രീയത്തിലെത്തുകയും ബീഹാറിലെ ദളിത് നേതാവായി ദേശീയതലത്തിൽ വന്ന് എല്ലാ മുന്നണികളുടെയും അവിഭാജ്യ ഘടകമായി മാറുകയും ചെയ്ത നേതാവാണ് രാംവിലാസ് പാസ്വാൻ. തക്കം നോക്കി മുന്നണി മാറാൻ മടികാട്ടാതിരുന്ന പാസ്വാനും പാർട്ടിയും കേന്ദ്രത്തിൽ ഏതു സർക്കാർ വന്നാലും അതിൽ അംഗമാകുന്നതായിരുന്നു സ്ഥിതി. ബീഹാറിൽ ഒരു നിർണായക തിരഞ്ഞെടുപ്പ് ഘട്ടത്തിൽ വന്ന വിയോഗം എൽ.ജെ.പിക്കും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്‌ക്കാകെയും തിരിച്ചടിയാണ്. തിരഞ്ഞെടുപ്പ് ചർച്ചകൾ തുടങ്ങിയ സമയത്താണ് അസുഖം ബാധിച്ച് ആശുപത്രിയിലാകുന്നത്. തുടർന്ന് സിനിമാ താരവും മകനുമായ ചിരാഗ് പാസ്വാനാണ് ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
ബീഹാറിലെ ഖഗാരിയ ജില്ലയിലെ ദളിത് കുടുംബത്തിൽ ജനിച്ച പാസ്വാൻ ബീഹാർ പൊലീസിലെ ഓഫീസർ ജോലി കളഞ്ഞാണ് അടിയന്തരാവസ്ഥയെ എതിർത്ത് ജയപ്രകാശ് നാരായണന്റെ അനുയായിയായി രാഷ്‌ട്രീയത്തിലെത്തുന്നത്. 2000 ത്തിൽ ലോക്ജൻശക്തി പാർട്ടി(എൽ.ജെ.പി) രൂപീകരിക്കുന്നതിനുമുൻപ് സംയുക്ത സോഷ്യലിസ്‌റ്റ് പാർട്ടി, ലോക്ദൾ, ജനതാദൾ എന്നിവയിലും പ്രവർത്തിച്ചു. ദളിതരുടെ ക്ഷേമത്തിനും അവകാശ സംരക്ഷണത്തിനുമായി മുന്നിട്ടറിങ്ങിയ പാസ്വാൻ ബീഹാർ രാഷ്‌ട്രീയത്തിൽ വലിയൊരു വോട്ട് ബാങ്കിന്റെ പിന്തുണ ഉറപ്പാക്കി പ്രമുഖ പാർട്ടികൾക്ക് നിഷേധിക്കാനാവാത്ത ശക്തിയായി.
1969ൽ ബീഹാർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടെങ്കിലും പിന്നീട് അദ്ദേഹത്തത്തിന്റെ കർമ്മമണ്ഡലം ഡൽഹിയായി. ഡൽഹിയിലിരുന്ന് ബീഹാറിന്റെ രാഷ്‌ട്രീയം നിയന്ത്രിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. കോൺഗ്രസിനൊപ്പം ജെ.ഡി.യു നേതാവ് നിതീഷ് കുമാറിനെ എതിർത്ത പാസ്വാൻ പിന്നീട് അദ്ദേഹത്തെ പിന്തുണച്ചു. മറ്റൊരു ദളിത് നേതാവ് ജിതൻ റാം മാഞ്ചിയെ എൻ.ഡി.എയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നിതീഷുമായി ഉടക്കി. ആശുപത്രിയിലായ പാസ്വാന് പകരം മകൻ ചിരാഗാണ് ചർച്ചകൾ നയിച്ച് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചത്. ഇത് പാസ്വാനെ മുന്നിൽ നിറുത്തി നിതീഷ് കുമാറിനെതിരെ ബി.ജെ.പി കളിച്ച തന്ത്രമാണെന്നും പറയപ്പെടുന്നു.
ആദ്യഭാര്യ രാജ്‌കുമാരി ദേവിയുമായുള്ള ബന്ധം വേർപെടുത്തിയ ശേഷം എയർഹോസ്റ്റസ് ആയിരുന്ന റീനാ ശർമ്മയെ വിവാഹം കഴിച്ചിരുന്നു. 2014 മുതൽ ബീഹാറിലെ ജമൂയി ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ചിരാഗ് രാംവിലാസ് പാസ്വാന്റെ ആദ്യ ബന്ധത്തിലുള്ള മകനാണ്. ചിരാഗിനെ തന്റെ പിൻഗാമിയായി രാഷ്‌ട്രീയത്തിൽ അവതരിപ്പിക്കാനും പാസ്വാന് കഴിഞ്ഞു.