murder

ന്യൂഡൽഹി: രാജസ്ഥാനിലെ കരൗലിയിൽ ക്ഷേത്രഭൂമി പിടിച്ചെടുക്കാനായി പുരോഹിതനെ ഭൂമാഫിയ സംഘം തീകൊളുത്തി കൊന്നു. സപൊത്ര ഡിവിഷനിലെ ബോക്‌ന ഗ്രാമത്തിൽ രാധാകൃഷ്ണ ക്ഷേത്രത്തിലെ പുരോഹിതനായ ബാബുലാൽ വൈഷ്ണവാണ് (50) മരിച്ചത്. രാധാകൃഷ്ണ ക്ഷേത്ര ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള 5.2 ഏക്കറിന്റെ പേരിലുള്ള തർക്കമാണ് കൊലയിൽ കലാശിച്ചത്.

ക്ഷേത്ര ട്രസ്റ്റുകളിൽ ഉൾപ്പെടുന്ന ഇതുപോലുള്ള സ്ഥലങ്ങൾ പൂജകൾ നടത്തുകയും ഗ്രാമക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങൾ നടത്തുകയും ചെയ്യുന്നതിന് പകരമായി പുരോഹിതന്മാർക്ക് വരുമാന മാർഗമായി ഉപയോഗത്തിനായി നൽകാറുണ്ട്. ഈ സ്ഥലം അത്തരത്തിൽ ബാബുലാലിന് വരുമാന മാർഗമായി നൽകിയതായിരുന്നു.

ഈ ഭൂമിയോടു ചേർന്ന് കിടക്കുന്ന തന്റെ പേരിലുള്ള സ്ഥലത്ത് ബാബു ലാൽ ഒരു വീട് നിർമിക്കാൻ തുടങ്ങിയതോടെ പ്രശ്‌നം ആരംഭിച്ചു. തട്ടായി കിടന്ന ഭൂമി നിരപ്പാക്കിയതോടെ ഗ്രാമത്തിലെ പ്രബലരായ മീണ സമുദായത്തിലെ ഒരു വിഭാഗം ഇതിനെ എതിർത്ത് ഭൂമി അവരുടെ പാരമ്പര്യസ്വത്താണെന്ന് പറഞ്ഞ് രംഗത്തെത്തി. ഗ്രാമപ്രമുഖർ ഇടപെട്ട് പുരോഹിതന് അനുകൂലമായി വിധി പറഞ്ഞു.

പുരോഹിതൻ നിരപ്പാക്കിയ സ്ഥലത്ത് പ്രതിഭാഗത്തുള്ളവർ സ്വന്തമായി കുടിൽ പണിയാൻ തുടങ്ങി. ഇത് വാക്കേറ്റത്തിന് കാരണമായി. ബുധനാഴ്ച പ്രതികൾ തർക്ക സ്ഥലത്ത് കിടന്ന ബജ്‌റ വൈക്കോൽ കൂനകൾക്ക് പെട്രോൾ ഒഴിച്ച് തീയിടുകയും പുരോഹിതനെ പൊള്ളലേൽപ്പിക്കുകയും ചെയ്യുകയായിരുന്നു.

കൈലാഷ്, ശങ്കർ, നമോ മീണ, മറ്റ് മൂന്ന് പേർ എന്നിവർ ചേർന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് പുരോഹിതന്റെ മൊഴി. ജയ്പൂരിലെ എസ്.എം.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പൂജാരി വ്യാഴാഴ്ച വൈകിട്ട് മരിച്ചു.

സംഭവത്തിൽ കൊലപാതക കേസ് രജിസ്റ്റർ ചെയ്തതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ഹർജി ലാൽ യാദവ് പറഞ്ഞു. പുരോഹിതന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മുഖ്യപ്രതി കൈലാഷ് മീണയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റു പ്രതികളെയും ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.