
ന്യൂഡൽഹി: ഇന്ത്യയിലെ ഏത് വിമാനത്താവളത്തിലും ചരക്കിറക്കാനനുവദിച്ച മൂന്നു ദശാബ്‌ദത്തെ തുറന്ന നയത്തിൽ മാറ്റം വരുത്തിയത് വിദേശ വിമാന കമ്പനികളെ നിയന്ത്രിക്കാനും രജിസ്‌റ്റർ ചെയ്‌ത ഇന്ത്യൻ കമ്പനികൾക്ക് അവസരം നൽകാനുമാണെന്ന് ഡി.ജി.സി.എയുടെ വിശദീകരണം. സിവിൽ വ്യോമയാന ഡയറക്‌ടറേറ്റ് (ഡി.ജി.സി.എ) സെപ്‌തംബറിലിറക്കിയ ഭേദഗതി ഉത്തരവ് പ്രകാരം നോൺ ഷെഡ്യൂൾഡ് വിദേശ കമ്പനികൾക്ക് ഡൽഹി, മുംബയ്, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, കൊൽക്കത്ത എന്നിവിടങ്ങളിലേക്കേ ചരക്കു വിമാന സർവീസ് നടത്താനാകൂ. മറ്റിടങ്ങളിൽ അനുമതി നിർബന്ധമാക്കി.
1990ലെ ഡി.ജി.സി.എ ഉത്തരവു പ്രകാരം വിദേശ അഡ്ഹോക്, നോൺ ഷെഡ്യൂൾഡ് ചാർട്ടർ ചരക്കു വിമാനങ്ങൾക്ക് കസ്‌റ്റംസ്, ഇമിഗ്രേഷൻ സൗകര്യമുള്ള രാജ്യത്തെ ഏത് വിമാനത്താവളങ്ങളിലും ചാർട്ടർ ചെയ്‌തോ, ചെയ്യാതെയോ, സ്വന്തം ഷെഡ്യൂൾഡുമായി സർവീസ് നടത്താമായിരുന്നു. പുതിയ ഉത്തരവ് പ്രകാരം ചെറിയ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഇന്ത്യൻ കമ്പനികൾക്ക് കൂടുതൽ ചരക്കു വിമാനങ്ങൾ ഓപ്പറേറ്റു ചെയ്യാനാകും. വിദേശത്ത് ഇന്ത്യൻ ചരക്കു വിമാനങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ റിപ്പോർട്ട് ചെയ്യണമെന്നും ഡി.ജി.സി.എ നിർദ്ദേശിച്ചിട്ടുണ്ട്.
പുതിയ ഉത്തരവു പ്രകാരം വിദേശ ചരക്കു വിമാനങ്ങൾക്ക് മറ്റ് വിമാനത്താവളങ്ങളിൽ സർവീസ് നടത്താൻ ഡി.ജി.സി.എയുടെ മുൻകൂർ അനുമതി തേടണം. സർവീസ് സംബന്ധവും സുരക്ഷാപരവുമായ നിബന്ധനകൾ പാലിക്കുന്നവർക്കേ അനുമതി ലഭിക്കൂ. വിമാന സർവീസുകൾക്ക് അനുമതി നിഷേധിക്കാനും ഡി.ജി.സി.എയ്‌ക്ക് അധികാരമുണ്ട്. അതേസമയം യു.എൻ, മറ്റ് ഏജൻസികൾ എന്നിവ വഴിയുള്ള അടിയന്തര, മാനുഷിക പരിഗണന ആവശ്യമുള്ള ചരക്കു കടത്തിന് പുതിയ നിയന്ത്രണങ്ങൾ ബാധകമല്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾക്കുമുള്ള മുൻഗണന തുടർന്നും ലഭിക്കും.