ram-vilas-paswan

ന്യൂഡൽഹി: അന്തരിച്ച കേന്ദ്രമന്ത്രിയും എൽ.ജെ.പി നേതാവുമായ രാംവിലാസ് പാസ്വാന്റെ ഭൗതിക ശരീരം പൂർണ ഔദ്യോഗിക ബഹുമതികളോടെ ഇന്ന് പാറ്റ്നയിൽ സംസ്കരിക്കും.

ബീഹാറിൽ ജനിച്ചെങ്കിലും രാഷ്‌ട്രീയത്തിൽ നേട്ടങ്ങൾ നൽകിയ, നാലുപതിറ്റാണ്ട് കർമ്മഭൂമിയായിരുന്ന ഡൽഹി പ്രിയ നേതാവിന് വിട ചൊല്ലി. ആദരസൂചകമായി രാഷ്‌ട്രപതി ഭവനിലെയും പാർലമെന്റിലെയും ദേശീയ പതാകകൾ പാതി താഴ്‌‌ത്തിയിരുന്നു. പാസ്വാൻ വഹിച്ചിരുന്ന ഉപഭോക്‌തൃ, ഭക്ഷ്യ, വകുപ്പുകളുടെ ചുമതല റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന് നൽകി.

പാസ്വാന്റെ മൃതദേഹം ഇന്നലെ രാവിലെ എംബാം ചെയ്‌ത ശേഷം ഔദ്യോഗിക വസതിയായ 12 ജൻപഥിൽ പൊതുദർശനത്തിന് വച്ചു. കൊവിഡ് നിയന്ത്രണങ്ങളുണ്ടായിട്ടും നേതാക്കളും നൂറുകണക്കിന് പ്രവർത്തകരും അന്ത്യോപചാരം അർപ്പിക്കാൻ എത്തി.

പ്രസിഡന്റ് രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്നാഥ് സിംഗ്, പിയൂഷ് ഗോയൽ,​ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവരും അന്തിമോപചാരം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി പാസ്വാന്റെ ഭാര്യ റീനാ ശർമ്മയെയും മകൻ ചിരാഗ് പാസ്വാനെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു.

ഡൽഹിയിൽ നിന്ന് വിമാനത്തിൽ പാറ്റ്നയിൽ എത്തിച്ച മൃതദേഹം രാവിലെ പൊതുദർശനത്തിന് ശേഷമാകും സംസ്‌കരിക്കുക. ഒക്‌ടോബർ അവസാനം ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെ പ്രിയ നേതാവിന്റെ വിയോഗം സൃഷ്‌ടിച്ച സഹതാപ തരംഗം പരമാവധി മുതലാക്കാനാണ് ലോക്‌ ജൻശക്തി പാർട്ടിയുടെ നീക്കം. ജെ.ഡി.യുമായി തെറ്റി എൻ.ഡി.എയിൽ നിന്ന് മാറിയ പാർട്ടി ഒറ്റയ്‌ക്കാണ് മത്സരിക്കുന്നത്. അതേസമയം ബി.ജെ.പി അടക്കമുള്ള മറ്റ് പാർട്ടികളുമായി സൗഹൃദ മത്സരമായിരിക്കും.

.