hathras

ന്യൂഡൽഹി:ഹാഥ്‌രസ് പെൺകുട്ടിയുടെ കുടുംബത്തെ ജില്ലാ ഭരണകൂടവും പൊലീസും നിയമവിരുദ്ധമായി തടഞ്ഞു വച്ചിരിക്കുകയാണെന്ന് കാണിച്ച് അഖില ഭാരതീയ വാൽമീകി മഹാപഞ്ചായത്ത് സമർപ്പിച്ച ഹർജി അലഹാബാദ് ഹൈക്കോടതി തള്ളി. സുപ്രീംകോടതി പരിഗണിക്കുന്ന വിഷയമായതിനാൽ ഹർജിക്കാർക്ക് പരമോന്നത കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. കുടുംബത്തിന്റെ ആരോപണം യു.പി സർക്കാർ കോടതിയിൽ നിഷേധിച്ചു.

60 പൊലീസുകാർ, എട്ട് സി.സി.ടി.വി. ക്യാമറകൾ,

അഗ്‌നിശമന സേനാംഗങ്ങൾ, മെറ്റൽ ഡിറ്റക്ടർ

കുടുംബത്തിന് മതിയായ സുരക്ഷ ഏർപ്പാടാക്കിയെന്ന് സർക്കാർ കോടതിയെ അറിയിച്ചു. വീടിന് ചുറ്റുമായി എട്ട് സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതായും ഡി.ഐ.ജി. ശലഭ് മധുർ വ്യക്തമാക്കി. വനിതാ പൊലീസടക്കം 60 ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിച്ചു. ഇവർ രണ്ട് സംഘങ്ങളായി 12 മണിക്കൂർ വീതം കാവൽ നിൽക്കും. സി.സി.ടിവി ക്യാമറ പരിശോധിക്കുന്നതിനായി ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചിട്ടുണ്ട്.

വീട്ടിലേക്ക് സന്ദർശനത്തിന് വരുന്നവർ പേര് രജിസ്റ്റർ ചെയ്യണം. ഇത് പൊലീസ് രേഖപ്പെടുത്തും. കുടുംബത്തിലെ ഓരോ വ്യക്തിക്കും രണ്ട് വീതം സുരക്ഷാ ജീവനക്കാരുണ്ടാകും. കൂടാതെ അഗ്‌നിശമന സേനാംഗങ്ങളെയും സംസ്ഥാന ഇന്റലിജൻസ് വിഭാഗം ജീവനക്കാരെയും വിന്യസിച്ചിട്ടുണ്ട്. വീടിന്റെ പ്രധാന കവാടത്തിൽ മെറ്റൽ ഡിറ്റക്ടറുണ്ട്. ദ്രുതകർമ്മ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്നും ഹാഥ്‌രസ് എസ്‌.പി വിനീത് ജയ്‌സ്വാൾ പറഞ്ഞു.

ഗ്രാമീണരുടെ മൊഴിയെടുത്തു
പ്രത്യേക അന്വേഷണ സംഘം ഇന്നലെ പ്രദേശവാസികളുടെ മൊഴിയെടുത്തു. 17ന് മുൻപ് അന്വേഷണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് സംഘം.