rudram

ന്യൂഡൽഹി: ശത്രുക്കളുടെ റഡാർ സ്‌റ്റേഷനുകളും മറ്റ് കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും തേടിപ്പിടിച്ച് നശിപ്പിക്കുന്ന ന്യൂജനറേഷൻ ആന്റി റേഡിയേഷൻ മിസൈൽ 'രുദ്രം' ഒഡീഷയിലെ ബാലസോർ ദ്വീപിൽ വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയ്‌ക്കായി ഡി.ആർ.ഡി.ഒ വികസിപ്പിച്ച ആകാശത്തു നിന്ന് കരയിലേക്ക് വിക്ഷേപിക്കുന്ന മിസൈൽ (എയർ ടു സർഫസ്) സുഖോയ് - 30 വിമാനത്തിൽ നിന്നാണ് പരീക്ഷിച്ചത്.

മിസൈലിൽ ഘടിപ്പിച്ച ഹോമിംഗ് ഹെഡ് ശത്രു രാജ്യങ്ങളുടെ റഡാർ സ്‌റ്റേഷനുകളിൽ നിന്നുള്ള റേഡിയോ വികിരണങ്ങൾ പിടിച്ചെടുത്ത് സ്റ്റേഷനുകൾ കണ്ടെത്തി നശിപ്പിക്കും. വിക്ഷേപിക്കുന്നതിന് മുൻപും അതിന് ശേഷവും നൂറുകിലോമീറ്റർ അകലെയുള്ള ലക്ഷ്യങ്ങളെ വരെ 'മണത്തറിയാൻ' ശേഷിയുണ്ട് ഹോമിംഗ് ഹെഡിന്.

അതിനാൽ മിസൈൽ വരുന്നുണ്ടെന്നറിഞ്ഞ് റഡാർ സ്‌റ്റേഷനുകൾ ഓഫ് ചെയ്‌താലും 'രുദ്രം' വന്നു തകർക്കും. യു.എസ് നാവിക സേന 2017ൽ വിന്യസിച്ച എ.ജി.എം-88ഇ അഡ്വാൻസ്ഡ് ആന്റി റേഡിയേഷൻ ഗൈഡഡ് മിസൈലിന്റെ ആദ്യ ഇന്ത്യൻ പതിപ്പാണ് രുദ്രം.

മിസൈൽ ജാഗ്വാർ, തേജസ് വിമാനങ്ങളിലും ഘടിപ്പിക്കാം. മിസൈലിന് 5.5 മീറ്റർ നീളമുണ്ട്. ദൂരപരിധി 100-250 കി.മീ. ഇത്രയും ദൂരം താണ്ടി ശത്രുവിന്റെ പ്രതിരോധ സംവിധാനങ്ങളെ തകർക്കുന്ന മിസൈൽ വ്യോമസേനയ്‌ക്ക് മുതൽക്കൂട്ടാകുമെന്ന് ഡി.ആർ.ഡി.ഒ അറിയിച്ചു. തന്ത്രപ്രധാന നേട്ടം കൈവരിച്ച ഡി.ആർ.ഡി.ഒയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു.