covid-in-delhi

ന്യൂഡൽഹി: ശൈത്യകാലവും ഉത്സവ സീസണകളും അടുക്കവെ ഡൽഹിയിൽ കൊവിഡ് വ്യാപനം ശക്തമാകുമെന്ന് മുന്നറിയിപ്പ്. പ്രതിദിനം 15,000 കൊവിഡ് രോഗികൾ വരെ ഉണ്ടാവാനുള്ള സാദ്ധ്യതയുണ്ടെന്നും ഒരുങ്ങിയിരിക്കണമെന്നും ദേശീയ പകർച്ചവ്യാധി നിയന്ത്രണ കേന്ദ്രം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകി. നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾ അദ്ധ്യക്ഷനായ സമിതിയുടെ മാർഗനിർദ്ദേശത്തിലാണ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്.

ശൈത്യകാലത്തു വായുമലിനീകരണം വർദ്ധിക്കുകയും ശ്വാസകോശരോഗങ്ങൾ കൂടുകയും ചെയ്യും. അയൽസംസ്ഥാനങ്ങളിൽ നിന്നടക്കം നിരവധി പേർ ഡൽഹിയിൽ ചികിത്സയ്ക്കെത്തും. ഇതിനു പുറമെ, ദുർഗാപൂജ, ദസറ, ഛഠ് പൂജ തുടങ്ങിയ ഉത്സവങ്ങളിലൊക്കെ വലിയ തോതിൽ ആൾക്കൂട്ടമുണ്ടാകും. ഇത് കേസുകൾ കുതിച്ചുയരാനിടയാക്കിയേക്കും. പ്രതിദിനം 15,000 കേസുകൾ വരെ കൈകാര്യം ചെയ്യാൻ തയ്യാറെടുക്കണം. ഇരുപതു ശതമാനം പേരെയെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വരും. ഇതിനു ഡൽഹി തയ്യാറെടുക്കണമെന്നും റിപ്പോർട്ട് വ്യക്തമാക്കി.

നിലവിൽ പ്രതിദിനം മൂവായിരത്തോളം രോഗികളും ശരാശരി 35-40 മരണങ്ങളും പ്രതിദിനം റിപ്പോർട്ടു ചെയ്യപ്പെടുന്നു. ആകെ രോഗികളുടെ എണ്ണം മൂന്നു ലക്ഷം കടന്നു.

 വായുനിലവാരം മോശമായി

പഞ്ചാബിലും ഹരിയാനയിലും കർഷകർ വയലുകളിൽ തീയിടൽ കൂടി തുടങ്ങിയതോടെ ഡൽഹിയിലെ അന്തരീക്ഷനില മോശം സ്ഥിതിയിലെത്തി. ഇതു വരും ദിവസങ്ങളിൽ രൂക്ഷമാവും. അതിനാൽ ഡീസൽ എൻജിനിൽ പ്രവർത്തിക്കുന്ന ജനറേറ്ററുകൾ ഡൽഹിയിൽ നിരോധിച്ചു. ഹരിയാന, യു.പി, പഞ്ചാബ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലും ഡീസൽ ജനറേറ്ററുകൾ നിരോധിക്കാനും സുപ്രീംകോടതി നിയോഗിച്ച പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ഉത്തരവിട്ടു.