
ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞടുപ്പിൽ ആർ.ജെ.ഡി,കോൺഗ്രസ്,ഇടതുപക്ഷ മഹാസഖ്യത്തിന് മുസ്ലിംലീഗിന്റെ പിന്തുണ. സംഘപരിവാർ സ്വാധീനമുള്ള സർക്കാർ വീണ്ടും അധികാരത്തിലേറുന്നത് തടയാൻ ആർ.ജെ.ഡിയുടെ നേതൃത്വത്തിലുള്ള മതനിരപേക്ഷ സഖ്യത്തിന്റെ വിജയമുറപ്പാക്കുക എന്നതാണ് ലീഗ് നിലപാടെന്ന് ദേശീയ ജനറൽ സെക്രട്ടറി പി. കെ കുഞ്ഞാലികുട്ടി പ്രസ്താവനയിൽ അറിയിച്ചു. കേന്ദ്രത്തിലേതുപോലെ ബീഹാറിലെ സർക്കാരും മതന്യൂനപക്ഷങ്ങളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന നയപരിപാടികളാണ് നടപ്പാക്കുന്നത്. ദളിത്- പിന്നോക്ക മതന്യൂനപക്ഷങ്ങളുടെയടക്കം വോട്ടു ഭിന്നിച്ച് വീണ്ടും ജെ.ഡി.യു - ബി.ജെ.പി സർക്കാർ അധികാരത്തിലേറുന്നത് തടയുകയെന്ന രാഷ്ട്രീയ നിലപാടാണ് ലീഗിനുള്ളത്. മതന്യൂനപക്ഷങ്ങൾക്ക് അർഹമായ അധികാര പങ്കാളിത്തം സീറ്റ് വിതരണത്തിലടക്കം ആർ.ജെ.ഡി-കോൺഗ്രസ് സഖ്യം ഉറപ്പാക്കണം. എന്നും മതനിരപേക്ഷത ഉയർത്തിപ്പിടിച്ചുള്ള നേതാവാണ് ലാലു പ്രസാദ് യാദവ്. രഥയാത്രയുടെ കാലത്ത് അത് രാജ്യം കണ്ടതാണ്. ഭരണത്തിലേറിയാൽ ന്യൂനപക്ഷ പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികൾ അവർ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുകക്ഷികൾ മുഖ്യ പ്രതിപക്ഷത്തിനെതിരെ സ്ഥാനാർത്ഥികളെ നിർത്തി ജെ.ഡി.യു -ബി.ജെ.പി ഭരണ തുടർച്ച ഉറപ്പാക്കുന്നത് രാഷട്രീയ മണ്ടത്തരമാണെന്നും പി.കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. മുസ്ലിം ലീഗ് വോട്ടുകൾ ആർ.ജെ.ഡി-കോൺഗ്രസ് മഹാസഖ്യത്തിന് ഉറപ്പാക്കാൻ പാർട്ടിയുടെ ബീഹാർ ഘടകത്തിന് നിർദ്ദേശം നൽകിയതായും ദേശീയ കമ്മറ്റി പ്രസ്താവനയിൽ അറിയിച്ചു.