
ന്യൂഡൽഹി: കേന്ദ്രഭക്ഷ്യപൊതുവിതരണ മന്ത്രി രാംവിലാസ് പാസ്വാന്റെ മരണത്തോടെ രണ്ടാം മോദി സർക്കാരിൽ ബി.ജെ.പി ഇതര മന്ത്രിമാരുടെ എണ്ണം ഒന്നായി ചുരുങ്ങി. മഹാരാഷ്ട്രയിൽ നിന്നുള്ള റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യയുടെ അദ്ധ്യക്ഷനും കേന്ദ്ര സാമൂഹ്യനീതി വകുപ്പ് സഹമന്ത്രിയുമായ രാംദാസ് അത്താവലെയാണ് ശേഷിക്കുന്ന ഏക സഖ്യകക്ഷി മന്ത്രി. കാബിനറ്റ് റാങ്കുള്ള ഒരു സഖ്യകക്ഷി മന്ത്രിയും ഇല്ല.
രണ്ടാം മോദി സർക്കാർ അധികാരമേൽക്കുമ്പോൾ, 24 കാബിനറ്റ് മന്ത്രിമാർ, 9 സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാർ, 24 സഹമന്ത്രിമാർ എന്നിങ്ങനെ മോദിയെ കൂടാതെ 57 മന്ത്രിമാരാണുണ്ടായിരുന്നത്.
സഖ്യകക്ഷികളായ ശിവസേനയുടെ അരവിന്ദ് സാവന്ത്, ശിരോമണി അകാലി ദളിലെ ഹർസീമ്രത് കൗർ ബാദൽ, എൽ.ജെ.പിയിലെ രാംവിലാസ് പാസ്വാൻ എന്നിവർക്ക് കാബിനറ്റ് റാങ്ക് ലഭിച്ചു. മറ്റൊരു സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ ജെ.ഡി.യു കേന്ദ്രമന്ത്രിസഭയിൽ ചേർന്നില്ല.
മഹാരാഷ്ട്രയിലെ അധികാരത്തർക്കത്തിന്റെ പേരിൽ ആദ്യം ശിവസേന എൻ.ഡി.എ വിട്ടു. ഖനവ്യവസായം, പൊതുമേഖലസ്ഥാപനങ്ങൾ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്ത അരവിന്ദ് സാവന്ത് 2019 നവംബർ 11നും പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് ഭക്ഷ്യസംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന ഹർസീമ്രത് കൗർ ബാദൽ ഇക്കഴിഞ്ഞ സെപ്തബർ 20നും രാജി വച്ചു. മൂന്നുദിവസത്തിനു ശേഷം ശിരോമണി അകാലിദളും സഖ്യം വിട്ടു.
പാസ്വാന്റെ മരണത്തോടെ കാബിനറ്റ് മന്ത്രിമാരുടെ എണ്ണം 21 ആയി കുറഞ്ഞു.
കൊവിഡ് ബാധിച്ച് സെപ്തംബർ 23ന് റെയിൽവെ സഹമന്ത്രി സുരേഷ് അംഗദി അന്തരിച്ചതോടെ സഹമന്ത്രിമാരുടെ എണ്ണം 23 ആയി കുറഞ്ഞു.