property-card

ന്യൂഡൽഹി: ഡ്രോണുകളും മറ്റും ഉപയോഗിച്ച് ആകാശ സർവേയിലൂടെ ഗ്രാമീണ ജനതയുടെ സ്വത്ത് വിവരം ശേഖരിച്ച് തയ്യാറാക്കിയ പ്രോപ്പർട്ടി കാർഡുകളുടെ വിതരണോദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നിർവഹിക്കും. 6.62 ലക്ഷം ഗ്രാമങ്ങളിൽ നാലു വർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി നടപ്പാക്കും.

ഗ്രാമീണരുടെ സാമ്പത്തിക ആസ്തി കണക്കാക്കി വായ്പയും മ​റ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ലഭ്യമാക്കാനാണ് പ്രോപ്പർട്ടി കാർഡ്. ബാങ്കുകളിൽ വായ്‌പ അടക്കമുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ഉപയോഗിക്കാം.

ഉത്തർപ്രദേശ്, ഹരിയാന, മഹാരാഷ‌്‌ട്ര, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, കർണാടക സംസ്ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലെ ഒരു ലക്ഷത്തോളം പേർക്ക് പ്രധാനമന്ത്രി ഇന്ന് കാർഡ് വിതരണം ചെയ്യും.

കേന്ദ്ര പഞ്ചായത്തി രാജ് മന്ത്രാലയം, സംസ്ഥാന റവന്യൂ വകുപ്പ്, പഞ്ചായത്തി രാജ് സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ സർവേ ഒഫ് ഇന്ത്യ ഗ്രാമങ്ങളിൽ ഡ്രോൺ സർവേനടത്തിയാവും

വിവരങ്ങൾ ശേഖരിക്കുക. ഗ്രാമീണരുടെ താമസ, കൃഷി സ്ഥലങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കൃത്യമായി കണക്കാക്കും. അളവുകൾ കൃത്യമായതിനാൽ തർക്കങ്ങളില്ലാതെ അതിര് നിർണയിക്കാം.

പഞ്ചായത്തിരാജ് മന്ത്രാലയം സ്വാമത്വിക എന്ന പേരിൽ ആവിഷ്‌കരിച്ച പദ്ധതി പ്രധാനമന്ത്രി അവതരിപ്പിച്ചത് 2020 ഏപ്രിൽ 24 ന് ദേശീയ പഞ്ചായത്തിരാജ് ദിനത്തിലാണ്.

വ്യത്യസ്‌ത പേരുകൾ

ഒരോ സംസ്ഥാനത്തും വ്യത്യസ്‌ത പേരാണ് പ്രോപ്പർട്ടി കാർഡിന്. ഹരിയാനയിൽ ടൈ​റ്റിൽ ഡീഡ്, കർണാടകയിൽ റൂറൽ പ്രോപ്പർട്ടി ഓണർഷിപ്പ് റെക്കോഡ്‌സ് (ആർ.പി.ആർ), മധ്യപ്രദേശിൽ അധികർ അഭിലേഖ്, മഹാരാഷ്‌ട്രയിൽ സന്നദ്, ഉത്തരാഖണ്ഡിൽ സ്വാമിതാ അഭിലേഖ്, ഉത്തർപ്രദേശിൽ ഘരൗണി.