sexual-abuse

ന്യൂഡൽഹി: സ്‌ത്രീകൾക്കെതിരായ ലൈംഗിക പീഡനങ്ങളിൽ നിയമ നടപടിയെടുക്കുമ്പോൾ വീഴ്‌ച പാടില്ലെന്ന് സംസ്ഥാനങ്ങൾക്ക് കർശന നിർദ്ദേശം നൽകി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഉത്തരവ് പ്രകാരം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ഉത്തരവിലുണ്ട്. ഹാഥ്‌രാസിൽ 19കാരി കൂട്ടമാനഭംഗത്തെ തുടർന്ന്മരിച്ച സംഭവത്തിൽ യു.പി പൊലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ച വിവാദമായ സാഹചര്യത്തിലാണിത്. ഫോറൻസിക് പരിശോധനാ സാമ്പിൾ ശേഖരിക്കാൻ വൈകിയതും യുവതിയുടെ ബന്ധുക്കളോട് യു.പി പൊലീസ് മോശമായി പെരുമാറിയതും വിവാദമായിരുന്നു.

 ലൈംഗികാതിക്രമ കേസുകളിൽ രണ്ടുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണം. കേസുകളുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ ഇൻവെസ്‌റ്റിഗേഷൻ ട്രാക്കിംഗ് സിസ്‌റ്റം ഫോർ സെക്‌സുവൽ ഒഫൻസസ് (ഐ.ടി.എസ്.എസ്.ഒ) സംവിധാനം പ്രയോജനപ്പെടുത്തണം.

 പ്രതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്യുന്നതിൽ അടക്കം നടപടിക്രമങ്ങളിൽ വീഴ്‌ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം നടപടിയെടുക്കണം.

 മാനഭംഗകേസുകളിലും മറ്റും 24 മണിക്കൂറിനുള്ളിൽ അംഗീകൃത മെഡിക്കൽ ഓഫീസർ വഴി ഇരയുടെ മെഡിക്കൽ പരിശോധന നടത്തിയിരിക്കണം.

 ഇരയുടെ മരണ മൊഴി രേഖപ്പെടുത്തേണ്ടത് അനിവാര്യം

 മാനഭംഗക്കേസുകളിലും മറ്റും തെളിവ് ശേഖരിക്കാനുള്ള ഫോറൻസിക് പരിശോധന കൃത്യമാക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നൽകിയ സെക്‌സുവൽ അസോൾട്ട് എവിഡൻസ് കളക്‌ഷൻ (എസ്.എ.ഇ.സി) കിറ്റുകൾ ഫലപ്രദമായി ഉപയോഗിക്കണം. ഫോറൻസിക് സാമ്പിൾ ശേഖരണം, സംരക്ഷണം, കൈമാറ്റം തുടങ്ങിയ ഘട്ടങ്ങളിൽ മാർഗരേഖകൾ കൃത്യമായി പാലിക്കണം.