mullapperiyar

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്തുന്നതിലടക്കം കേരളം സഹകരിക്കുന്നില്ലെന്ന് തമിഴ്നാട് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താൻ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി പിരിച്ചുവിടരുതെന്നും തമിഴ്നാട് ആവശ്യപ്പെട്ടു. സമിതി പ്രവർത്തനങ്ങൾക്കെതിരെ കോതമംഗലം സ്വദേശി ഡോ. ജോ ജോസഫും കോതമംഗലം ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളായ ഷീല കൃഷ്ണൻകുട്ടി, ജെസ്സി മോൾ ജോസ് എന്നിവരും നൽകിയ ഹർജിയിലാണ് സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി തമിഴ്നാട് സത്യവാങ്മൂലം സമർപ്പിച്ചത്.

സുരക്ഷ വിലയിരുത്താൻ മേൽനോട്ട സമിതി രൂപീകരിച്ച ഉപസമിതി കൃത്യമായ ഇടവേളകളിൽ അണകെട്ട് പരിശോധിക്കുണ്ട്. മേൽനോട്ട സമിതിയുടെ ഒരു അധികാരവും സബ് കമ്മിറ്റിക്ക് കൈമാറിയിട്ടില്ലെന്നും തമിഴ്നാട് ബോധിപ്പിച്ചു.

കേരളത്തിനെതിരെ

# ബേബി ഡാമും എർത്തും ഡാമും ഉൾപ്പെടെ ബലപ്പെടുത്താൻ സഹകരിക്കുന്നില്ല. ഇതിന് 23 മരങ്ങൾ മുറിക്കണം. അതിന് അനുവദിക്കുന്നില്ല.

# വള്ളക്കടവ് - മുല്ലപ്പെരിയാർ ഡാം ഗട്ട് അപ്രോച്ച് റോഡ് പത്തുവർഷമായി തകർന്നുകിടക്കുകയാണ്. കേരളം നന്നാക്കുകയോ തമിഴ്‌നാടിനെ അതിന് അനുവദിക്കുകയോ ചെയ്യുന്നില്ല

# അപ്രോച്ച് റോഡിലുള്ള 2.21 കി.മി കോസ്‌വെ 2018ൽ തകർന്നു. ഇതും നന്നാക്കിയിട്ടില്ല.

# 2000 മുതൽ ഡാം സൈറ്റിൽ വൈദ്യുതി മുടങ്ങി. പുനഃസ്ഥാപിക്കാൻ 1.78 കോടി തമിഴ്നാട് നൽകി. കെ.എസ്.ഇ.ബി വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല

# മഴ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കാമെന്ന വാഗ്ദാനവും കേരളം നടപ്പാക്കിയില്ല. വൃഷ്ടി പ്രദേശത്തെ മഴയുടെ കൃത്യമായ അളവ് തമിഴ്നാടിന് ലഭിക്കുന്നില്ല