paswan

ന്യൂഡൽഹി/പാട്‌ന: വ്യാഴാഴ്‌ച അന്തരിച്ച കേന്ദ്രമന്ത്രിയും ലോക്ജൻ ശക്തി പാർട്ടി നേതാവുമായ രാംവിലാസ് പാസ്വാന് പാട്‌നയിൽ ഗംഗാനദിയുടെ തീരത്ത് ദിഗ്ഗാ ഘട്ടിൽ അന്ത്യവിശ്രമം. ഇന്നലെ വൈകിട്ട് പൂർണ ഔദ്യോഗിക ബഹുമതികളോടെ ന‌ടന്ന സംസ്‌കാര ചടങ്ങിൽ മകനും എം.പിയുമായ ചിരാഗ് പാസ്വാൻ അന്ത്യകർമ്മങ്ങൾ ചെയ്‌തു.

ഡൽഹിയിലെ പൊതുദർശനത്തിന് ശേഷം വെള്ളിയാഴ‌്‌ച രാത്രി പാട്ന ജയ്‌പ്രകാശ് നാരായൺ വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങാൻ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ എത്തി. ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോഡിയും അദ്ദേഹത്തെ അനുഗമിച്ചു. ഇന്നലെ പാസ്വാന്റെ മുൻമണ്ഡലമായ ഹാജിപൂരിലും പാട്‌ന നിയമസഭാ മന്ദിരത്തിലും എൽ.ജെ.പി ആസ്ഥാനത്തും വസതിയിലും പൊതുദർശനത്തിന് വച്ച ഭൗതിക ശരീരം ഒരു നോക്കു കാണാൻ ആയിരങ്ങളാണ് പ്രവഹിച്ചത്. വൈകിട്ട് മൂന്നിന് ശ്രീകൃഷ്‌ണപുരിയിലെ വസതിയിൽ നിന്ന് മൂന്നുകിലോമീറ്റർ അകലെയുള്ള ദിഗ്ഗാ ഘട്ടിലേക്ക് മൃതദേഹം വിലാപയാത്രയായി കൊണ്ടുപോയി. മുഖ്യമന്ത്രി നിതീഷ്കുമാർ, കേന്ദ്ര മന്ത്രി രവിശങ്കർ അടക്കം പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു.

മകളെ തടഞ്ഞെന്ന്

പാസ്വാന്റെ മകൾ ആശാ ദേവിയെയും ഭർത്താവും ആർ.ജെ.ഡി നേതാവുമായ അനിൽ സാധുവിനെയും വിമാനത്താവളത്തിൽ തടഞ്ഞതായി പരാതി. ഡൽഹിയിൽ നിന്ന് മൃതദേഹം വിമാനത്താവളത്തിൽ എത്തിയപ്പോൾ കാണാൻ ചെന്ന ഇരുവരെയും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവെന്നാണ് പരാതി. മരണകാര്യങ്ങളിൽ രാഷ്‌ട്രീയം കളിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞ് അനിൽ സാധു പൊലീസ് ഉദ്യോഗസ്ഥരോട് കയർത്തു. ആസമയം മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി നിതീഷ് കുമാറും മറ്റും എത്തിയിരുന്നു. പാസ്വാന്റെ ആദ്യഭാര്യയായ രാജ്‌കുമാരിയിലുള്ള മകളാണ് ആശാദേവി. 1981ൽ വിവാഹമോചനത്തിന് ശേഷമാണ് 1983ൽ അന്ന് എയർഹോസ്‌റ്റസ് ആയിരുന്ന റീനാ ശർമ്മയെ പാസ്വാൻ വിവാഹം കഴിച്ചത്.