
ന്യൂഡൽഹി: പെൺകുട്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ ഡൽഹിയിൽ 18കാരനെ അടിച്ചുകൊന്നു. ആദർശ് നഗർ സ്വദേശിയും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിയുമായ രാഹുൽ രാജ‌്പുത്താണ് മരിച്ചത്. സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരനെയും ബന്ധുവിനെയും പ്രായപൂർത്തിയാകാത്ത മറ്റ് മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹി സർവകലാശാലയിൽ വിദൂര വിദ്യാഭ്യാസത്തിലൂടെ ബിരുദ പഠനം നടത്തുന്ന രാഹുൽ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ട്യൂഷനെടുക്കുന്നുണ്ട്. അയൽവാസിയായ പെൺകുട്ടിയുമായി രണ്ടു വർഷമായി രാഹുൽ ഇഷ്ടത്തിലായിരുന്നെന്നും പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ ഇത് എതിർത്തിരുന്നുവെന്നും പൊലീസ് പറയുന്നു. പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തുക്കൾ രാഹുലിനെ ബുധനാഴ്ച വൈകിട്ട് വീടിന് പുറത്തേക്കു വിളിച്ചു വരുത്തി മർദ്ദിച്ചു. ഇത് തടയാൻ പെൺകുട്ടി ശ്രമിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുലിനെ നേരത്തെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നതായി ബന്ധു പറഞ്ഞു.പെൺകുട്ടിയെ വനിതാ ഷെൽട്ടർ ഹോമിലേക്ക് മാറ്റി.
രാഹുലിന്റെ കുടുംബത്തിന് സർക്കാർ നീതിയുറപ്പാക്കുമെന്നും നഷ്ടപരിഹാരമായി പത്തുലക്ഷം രൂപ അനുവദിച്ചതായും ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു.