
ന്യൂഡൽഹി: റിപ്പബ്ലിക് ടി.വി അടക്കമുള്ള മൂന്നു ചാനലുകൾ ടി.ആർ.പി റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിനിടെ, മാദ്ധ്യമങ്ങൾ വാർത്ത നൽകുന്നതിലെ ധാർമ്മികത, സമൂഹമാദ്ധ്യമങ്ങളുടെ ദുരുപയോഗം, ടി.ആർ.പി അഴിമതി തുടങ്ങിയ വിഷയങ്ങൾ കോൺഗ്രസ് എം.പി ഡോ. ശശി തരൂർ അദ്ധ്യക്ഷനായ പാർലമെന്റിന്റെ ഐ.ടികാര്യ സമിതി ചർച്ച ചെയ്യാനൊരുങ്ങുന്നു.
പൗരാവകാശ സംരക്ഷണം, ഓൺലൈൻ വാർത്താമാദ്ധ്യമങ്ങളിലും സൈബറിടത്തിലുമുള്ള വനിതാസുരക്ഷ ഉറപ്പാക്കൽ, രാജ്യത്തെ സൈബർ സുരക്ഷയുടെ സ്ഥിതി, ദൂരദർശൻ ചാനലിന്റെ പ്രവർത്തനം തുടങ്ങിയവയും സമിതിയുടെ ചർച്ചാവിഷയങ്ങളാണ്.
ടി.ആർ.പി അഴിമതി വിഷയം പരിശോധിക്കണമെന്നാവശ്യപ്പെട്ട് സമിതി അംഗം കാർത്തി ചിദംബരം കഴിഞ്ഞദിവസം അദ്ധ്യക്ഷൻ തരൂരിന് കത്ത് നൽകിയിരുന്നു.
അതേസമയം ടി.ആർ.പി റേറ്റിംഗിൽ കൃത്രിമം കാട്ടിയെന്ന കേസിൽ ഇന്നലെ റിപ്പബ്ലിക് മീഡിയ നെറ്റ്വർക്ക് ചീഫ് ഫിനാൻഷ്യൽ ഓഫീസർ എസ്.എസ്.സുന്ദരം മുംബയ് പൊലീസ് മുൻപാകെ ഹാജരായില്ല. സുപ്രീംകോടതിയിലുള്ള ഹർജി ചൂണ്ടിക്കാട്ടിയാണ് നടപടി. സുപ്രീംകോടതി തീരുമാനം വരും വരെ മുംബയ് പൊലീസ് അന്വേഷണം നീട്ടിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.