
ന്യൂഡൽഹി: ''കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ട കഴിഞ്ഞ മാർച്ചിലാണ് അദ്ദേഹവുമൊത്ത് അവസാനമായി ഭക്ഷണം കഴിച്ചതും വീട്ടിലുറങ്ങിയതും. മാർച്ച് 21 ശേഷം അദ്ദേഹം വീട്ടിലുറങ്ങിയിട്ടില്ല. വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ടില്ല. കഴിഞ്ഞ ആറ് മാസവും അദ്ദേഹം കൊവിഡ് രോഗികൾക്കായി മാറ്റിവച്ചു . വസ്ത്രങ്ങൾ അടക്കമുള്ള അവശ്യസാധനങ്ങൾ എടുക്കാനെത്തിയാൽ പോലും ഞങ്ങളോട് മാറി നിൽക്കാൻ ആവശ്യപ്പെടുമായിരുന്നു '' - ആരിഫിന്റെ ഭാര്യ കണ്ണീരോടെ ഓർക്കുന്നു.
ഡൽഹിയിൽ കൊവിഡിനെതിരെയുള്ള പോരാട്ടത്തിനിടെ വൈറസിന് കീഴടങ്ങിയ നാൽപത്തിയെട്ടുകാരനായ ആരിഫ് ഖാന്റെ വിയോഗത്തിൽ പറക്കമുറ്റാത്ത നാല് കുട്ടികളുമായി തളർന്നിരിക്കുകയാണ് ഭാര്യ. കഴിഞ്ഞ മൂന്നിനാണ് ഇദ്ദേഹം രോഗബാധിതനായത്. 10ന് ഡൽഹിയിലെ ഹിന്ദു റാവു ആശുപത്രിൽ വച്ച് മരിച്ചു.
ഷഹീൻബാഗ് സിംഗ് സേവാദളിന്റെ നേതൃത്വത്തിൽ സൗജന്യമായി കൊവിഡ് രോഗികളെ ആശുപത്രിയിലെത്തിക്കുന്നതിനും മരിച്ചവരുടെ മൃതദേഹം സംസ്കാരത്തിന് എത്തിക്കുന്നതിലും ആരിഫ് സഹായിച്ചിരുന്നു. ഏകദേശം 200 മൃതദേഹങ്ങൾ ആരിഫിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു.
കൊവിഡ് രോഗികളുമായി സമ്പർക്കമുണ്ടായിരുന്നതിനാൽ ആരിഫ് വീട്ടിലേക്ക് പോകാറില്ലായിരുന്നു. ആറ് മാസത്തോളമായി ആംബുലൻസിൽ തന്നെയായിരുന്നു ജീവിതം. 16,000 രൂപയായിരുന്നു ശമ്പളം. വീട്ടിൽ നിന്ന് 28 കിലോമീറ്റർ മാറി റോഡിൽ നിർത്തിയിട്ട ആംബുലൻസിൽ തന്നെ ഉറങ്ങി. ഭാര്യയും മക്കളുമായി ഫോണിലൂടെ മാത്രമാണ് സംസാരിച്ചിരുന്നത്. 12 മുതൽ 14 മണിക്കൂർ വരെയാണ് അദ്ദേഹം ജോലി ചെയ്തിരുന്നതെന്ന് സഹപ്രവർത്തകർ പറയുന്നു.