jagan-ramana

ന്യൂഡൽഹി:സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്റ്റിസ് എൻ.വി. രമണയ്‌ക്കെതിരെ അഴിമതിയും പക്ഷപാതവും ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ആന്ധ്ര മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഢി ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡെയ്‌ക്ക് അയച്ച കത്ത് വിവാദമാകുന്നു.

അഴിമതി അന്വേഷണം നേരിടുന്ന മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനും കൂട്ടാളികൾക്കും വേണ്ടി ജസ്റ്റിസ് രമണ ആന്ധ്ര ഹൈക്കോടതി ജഡ്‌ജിമാരെ സ്വാധീനിക്കുന്നുവെന്നാണ് കത്തിലെ പ്രധാന ആരോപണം. രമണയുടെ രണ്ട് പുത്രിമാരുടെ ദുരൂഹമായ ഭൂമി ഇടപാടുകളെ പറ്റി അഴിമതി വിരുദ്ധ ബ്യൂറോ നടത്തിയ അന്വേഷണത്തെ പറ്റിയും കത്തിൽ പറയുന്നുണ്ട്.

കഴിഞ്ഞ ആറിന് എഴുതിയ എട്ട് പപേജുള്ള കത്ത് ശനിയാഴ്ച വൈകിട്ട് സംസ്ഥാന സർക്കാർ തന്നെയാണ് മാദ്ധ്യമങ്ങൾക്ക് നൽകിയത്. ഒരു മുഖ്യമന്ത്രി സുപ്രീം കോടതി ജസ്റ്റിസിനെതിരെ അഴിമതി ആരോപണം ഉന്നയിച്ച് ചീഫ്ജസ്റ്റിസിന് കത്തെഴുതുന്ന അസാധാരണ നടപടി ആദ്യമാണ്.

ചന്ദ്രബാബു നായിഡുവുമായി ജസ്റ്റിസ് രമണയ്ക്ക് അടുത്ത ബന്ധമാണെന്ന് കത്തിൽ ആരോപിക്കുന്നു. തെലുങ്ക്ദേശം പാർട്ടിയുമായി ബന്ധപ്പെട്ട കേസുകൾ ഹൈക്കോടതിയിലെ ചില ജഡ്‌ജിമാർക്ക് മാത്രമാണ് അനുവദിക്കുന്നത്.

2014 - 19 കാലത്തെ നായിഡു സർക്കാരിന്റെ എല്ലാ ഇടപാടുകളും അന്വേഷിക്കാൻ തന്റെ സർക്കാർ ഉത്തരവിട്ടതു മുതൽ സംസ്ഥാനത്തെ നീതിനി‌ർവഹണത്തെ സ്വാധീനിക്കാൻ ജസ്റ്റിസ് രമണ ശ്രമം തുടങ്ങി. ചില അന്വേഷണങ്ങൾ സ്റ്റേ ചെയ്യാനും ചില വിഷയങ്ങളിൽ അന്വേഷണം പ്രഖ്യാപിക്കാനും തീരുമാനിക്കുന്നത് ടി.ഡി.പി.യുടെ താത്പര്യങ്ങൾ നോക്കിയാണ്. മുൻ അഡ്വക്കേറ്റ് ജനറൽ ദമ്മലപതി ശ്രീനിവാസന്റെ ഭൂമി ഇടപാടിനെ പറ്റി അഴിമതി വിരുദ്ധ ബ്യൂറോ കേസെടുത്തെങ്കിലും അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തത് ഇതിന്റെ ഉദാഹരണമാണ്.

കേസുകളുടേയും ഭൂമി ഇടപാടുകളുടേയും രേഖകൾ സഹിതമാണ് ജഗൻമോഹൻ റെഡി കത്ത് സമർപ്പിച്ചത്.

ടി.ഡി.പി. ഭരണകാലത്ത് ആന്ധ്രയിൽ അഡിഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നു ജസ്റ്റിസ് രമണ. അടുത്ത വർഷം ചീഫ് ജസ്റ്റിസ് ആകേണ്ട ജഡ്ജിയാണ് ജസ്റ്റിസ് എൻ. വി രമണ.

അന്വേഷിക്കണം: പ്രശാന്ത് ഭൂഷൺ

ജസ്റ്റിസ് എൻ.വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കണമെന്ന് അഭിഭാഷകനും സാമൂഹ്യപ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ആവശ്യപ്പെട്ടു. ആരോപണങ്ങൾ ഗുരുതരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.