political-crisis-in-tripu

ന്യൂഡൽഹി: ത്രിപുര ബി.ജെ.പിയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് മുഖ്യമന്ത്രി ബ്ളിപവ് കുമാറിനെതിരെ പാളയത്തിൽപ്പട. ബിപ്ളവ് ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്നും ഇദ്ദേഹത്തെ മാറ്റണമെന്നും ആവശ്യപ്പെട്ട് പാർട്ടിയിലെ ഒരുവിഭാഗം എം.എൽ.എമാർ ദേശീയനേതൃത്വത്തെ കാണാൻ ഡൽഹിയിലെത്തി.

മുൻ മന്ത്രിയും പ്രമുഖ നേതാവുമായ സുദീപ് റോയ് ബർമ്മയുടെ നേതൃത്വത്തിലാണ് സുശാന്ത് ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവ ചന്ദ്ര രംങ്കൽ, ബർബ് മോഹൻ ത്രിപുര, പരിമൾ ദേബ് ബർമ്മ, രാംപ്രസാദ് പാൽ എന്നീ എം.എൽ.എമാർ ഡൽഹിയിലെത്തിയത്. കൊവിഡ് ബാധിച്ചതിനാൽ എം.എൽ.എമാരായ ബീരേന്ദ്ര കിഷോർ ദേബ് ബർമൻ, ബിപ്ലവ് ഘോഷ് എന്നിവർക്കെത്താനായില്ലെങ്കിലും തങ്ങൾക്കൊപ്പമാണെന്ന് ബിപ്ലവ് വിരുദ്ധ ക്യാമ്പ് അവകാശപ്പെട്ടു.

എന്നാൽ നേതൃമാറ്റം ബി.ജെ.പി ദേശീയ നേതൃത്വം തള്ളിയതായാണ് റിപ്പോർട്ടുകൾ. ബി.ജെ.പി സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ സന്തോഷ് ബർമ്മനുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിശ്വസ്തനായാണ് ബിപ്ലവ് കുമാർ ദേവ് അറിയപ്പെടുന്നത്.

60 അംഗ നിയമസഭയിൽ 36 പേരാണ് ബി.ജെ.പിക്കുള്ളത്. ഐ.പി.എഫ്.ടിയുടെ എട്ട് എം.എൽ.എമാരുടെ പിന്തുണയുമുണ്ട്.

ഏകാധിപത്യ ഭരണം

ഏകാധിപതിയെപ്പോലാണ് ബിപ്ലവ് പെരുമാറുന്നതെന്നാണ് ഇവരുടെ പ്രധാന പരാതി. ബിപ്ലവ് ജനകീയനല്ല. പരിചയക്കുറവും ഭരണത്തെ ബാധിക്കുന്നു. എം.എൽ.എമാരെ പോലും മുഖ്യമന്ത്രി വിശ്വാസത്തിലെടുക്കുന്നില്ല. മുഖ്യമന്ത്രി രണ്ട് ഡസനോളം വകുപ്പുകൾ കൈവശം വച്ചിരിക്കയാണ്. കൊവിഡ് സാഹചര്യത്തിൽ പോലും സംസ്ഥാനത്ത് ആരോഗ്യമന്ത്രിയില്ല. ഭരണത്തുടർച്ച വേണമെങ്കിൽ ബിപ്ലവിനെ മാറ്റണം. അല്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വീണ്ടും അധികാരത്തിൽ വരുമെന്നും എം.എൽ.എമാർ പറയുന്നു. തങ്ങൾ പാർട്ടിക്കോ ദേശീയ നേതൃത്വത്തിനോ എതിരല്ലെന്നും പാർ‌ട്ടി ആശയങ്ങൾക്കൊപ്പമാണെന്നും തങ്ങൾക്ക് ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദയുടെയും അമിത് ഷായുടെയും പിന്തുണയുണ്ടെന്നും ഇവർ വ്യക്തമാക്കി.

സർക്കാരിന് ഭീഷണിയില്ല

സംസ്ഥാന സർക്കാരിന് യാതൊരു ഭീഷണിയുമില്ലെന്ന് ത്രിപുര ബി.ജെ.പി അദ്ധ്യക്ഷൻ മാണിക് സാഹ പറഞ്ഞു. സർക്കാർ സുരക്ഷിതമാണ്. ഏഴോ എട്ടോ എം.എൽ.എമാർ വിചാരിച്ചാൽ സർക്കാരിനെ മറിച്ചിടാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2017ൽ കോൺഗ്രസ് വിട്ട് വന്നവരിൽ പ്രമുഖരാണ് സുദീപ് റോയ് ബർമ്മനും സുശാന്ത് ചൗധരിയും. പാർട്ടി താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യമന്ത്രി സ്ഥാനത്ത് നിന്ന് ബർമനെ ബിപ്ലവ് നീക്കിയിരുന്നു. ത്രിപുര മുൻ മുഖ്യമന്ത്രി സമീർ രഞ്ജൻ ബർമന്റെ മകനാണ്‌ സുദീപ് റോയ് ബർമൻ.