
ന്യൂഡൽഹി: ലൈംഗിക പീഡനത്തിനിരയായ യുവതിയെ പ്രതി വീട്ടിലെത്തി രാഖി കെട്ടി സഹോദരിയാക്കണമെന്ന് ഉത്തരവിട്ട മദ്ധ്യപ്രദേശ് ഹൈക്കോടതി ഇൻഡോർ ബെഞ്ചിന്റെ വിധിക്കെതിരെ സുപ്രീംകോടതി അഭിഭാഷക അപർണ ഭട്ട് ഉൾപ്പെടെയുള്ള ഒമ്പത് വനിതാ അഭിഭാഷകർ സുപ്രീംകോടതിയിൽ ഹർജി നൽകി.
പ്രതി വിക്രം ബാർഗിക്ക് ജാമ്യം അനുവദിക്കാനാണ് ഹൈക്കോടതി രാഖി കെട്ടണമെന്ന വ്യവസ്ഥ വച്ചത്. ഉജ്ജയ്നിലെ 30കാരിയെയാണ് പ്രതി വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചത്.
പ്രതി ഭാര്യയ്ക്കൊപ്പം ആഗസ്റ്റ് മൂന്നിന് യുവതിയുടെ വീട് സന്ദർശിച്ച് മധുരപലഹാരം നൽകുകയും രാഖി കെട്ടുകയും വേണമെന്നായിരുന്നു ഹൈക്കോടതി ജഡ്ജി രോഹിത് ആര്യ ജൂലായ് 30ന് ഉത്തരവിട്ടത്. സഹോദരിക്ക് സഹോദരൻ രക്ഷാബന്ധൻ ദിനത്തിൽ ആചാരപരമായി നൽകുന്ന 11,000 രൂപ നൽകുകയും യുവതിയുടെ അനുഗ്രഹം വാങ്ങുകയും വേണം. സഹോദരിയെപ്പോലെ കണക്കാക്കി അവളെ സംരക്ഷിക്കണം. പ്രതി പണം നൽകുന്നതിന്റെ പടമെടുത്ത് രസീത് സഹിതം കേസ് രേഖയിൽ ഉൾപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്.
ഇത് പീഡനത്തിനിരയായ യുവതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
'പ്രതിക്ക് ജാമ്യം നൽകിയതിനെ എതിർക്കുന്നില്ല. അതിനായി ഏർപ്പെടുത്തിയ വ്യവസ്ഥകളോടാണ് എതിർപ്പ്. യുവതിക്കെതിരേ നടന്നത് ഗൗരവമുള്ള ലൈംഗിക കുറ്റമാണ്. അതിനെ ലളിതവത്കരിക്കുകയാണ് ഹൈക്കോടതി.
കുറ്റവാളിയും ഇരയും തമ്മിൽ അനുരഞ്ജനത്തിന് ശ്രമിക്കുന്നതിന് തുല്യമായ വിധിയാണുണ്ടായിരിക്കുന്നതെന്നും' ഹർജിയിൽ ആരോപിച്ചു.
കേസ് സുപ്രീംകോടതി വെളളിയാഴ്ച പരിഗണിക്കും.